KeralaTop News

കാര്യവട്ടം ഗവ കോളജിലെ റാഗിംഗ്; 7 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

Spread the love

കാര്യവട്ടം ഗവ.കോളജിലെ റാഗിംഗിൽ 7 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. സീനിയർ വിദ്യാർത്ഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. റാഗിംഗിന് ഇരയായ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസിന്റെ പരാതിയിൽ ആണ് നടപടി. കോളജിൽ നടന്നത് റാഗിംഗ് ആണെന്ന് ആന്റി റാഗിംഗ് സെൽ കണ്ടെത്തിയിരിന്നു.

ഫെബ്രുവരി പതിനൊന്നിനായിരുന്നു ക്യാമ്പസിനകത്തുവെച്ച് ക്രൂരമായ നടപടിയുണ്ടായത്. യൂണിറ്റ് റൂമിലേക്ക് ബിൻസ് ജോസിനെ സീനിയർ വിദ്യാർത്ഥികൾ പിടിച്ചുകൊണ്ടുപോകുകയും, ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിർത്തി മുതുകിലും ചെകിടത്തും അടിക്കുകയുമായിരുന്നു. തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. പിന്നാലെയാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്. കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.

അതേസമയം, ആന്റി റാഗിംഗ് സെൽ കഴിഞ്ഞ ഒരാഴ്ചയായി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയായിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും ആരോപണ വിധേയരായ വിദ്യാർത്ഥികളുടേയുമടക്കം മൊഴികൾ രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത് റാഗിംഗ് ആണെന്ന് സ്ഥിരീകരിച്ച് സെൽ പ്രിൻസിപ്പലിന് റിപ്പോർട്ട് നൽകിയത്.