“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്
ഓസ്‌കര്‍ ജേതാവും പ്രശസ്ത ഹോളിവുഡ് താരവുമായ കേറ്റ് വിന്‍സ്ലെറ്റ് സംവിധാന രംഗത്തേക്ക് കടക്കുന്നു. “ഗുഡ് ബൈ ജൂൺ” എന്ന് പേരിട്ടിരിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് താരം ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. നെറ്റ്ഫ്ലിക്സുമായി സഹകരിച്ചാണ് ഈ സിനിമ നിർമ്മിക്കുന്നത്. ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് കേറ്റ് വിന്‍സ്ലെറ്റ്.
ഈ ചിത്രത്തിൽ അഭിനയത്തിലും സംവിധാനത്തിലും നിർമ്മാണത്തിലും വിന്‍സ്ലെറ്റ് സജീവമാകും. ടോണി കൊളറ്റ്, ജോണി ഫ്ലിൻ, ആൻഡ്രിയ റൈസ്ബറോ, തിമോത്തി സ്പാൽ, ഹെലൻ മിറൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വിൻസ്ലെറ്റിന്റെ മുൻ ഭർത്താവ് സാം മെൻഡിസിന്റെ മകൻ ജോ ആൻഡേഴ്സനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രധാന വിഷയം ചിതറിപ്പോയ സഹോദരങ്ങളുടെ ഒത്തുചേരലും അവർ നേരിടുന്ന വെല്ലുവിളികളുമാണ്. ആധുനിക ഇംഗ്ലണ്ടിലാണ് കഥ നടക്കുന്നത്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കും. “ടൈറ്റാനിക്”, “ദി റീഡർ”, “ഹാംലെറ്റ്” തുടങ്ങിയ സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ വിന്‍സ്ലെറ്റ് എമ്മി, ഗ്രാമി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.