ഡല്‍ഹി സ്ഥിതി ചെയ്യുന്നത് ഒരു ഭൂകമ്പ ടൈംബോംബിന് മുകളില്‍!
വീണ്ടും ഡൽഹി കുലുങ്ങി, ഒന്നല്ല, രണ്ടുവട്ടം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത മാത്രം രേഖപ്പെടുത്തിയ ഭൂചലനമായിരുന്നിട്ടും ഡൽഹി എൻസിആർ പ്രഭവകേന്ദ്രമായതാണ് ഇന്നലെ ഭൂചലനം അനുഭവപ്പെടാനുള്ള കാരണം. അടിക്കടി ഈ നിലയിൽ ഭൂചലനം അനുഭവപ്പെടുന്നത് വലിയ ആശങ്ക ഉളവാക്കുന്നുണ്ട്. ഡൽഹി-ഹരിദ്വാർ പർവതനിരയ്ക്കും ഡൽഹി-മൊറാദാബാദ് ഫോൾട്ടുകൾക്കും വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ തുടർച്ചയായ ഭൂകമ്പങ്ങളിലൂടെ സാധ്യതയുണ്ട്.
കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിനിടെ ആദ്യമായാണ് രാജ്യ തലസ്ഥാനം പ്രഭവ കേന്ദ്രമായി ഭൂകമ്പം ഉണ്ടാകുന്നതെന്നാണ് ഭൂമിശാസ്ത്ര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. എന്നാൽ ഹിമാലയൻ മേഖലയിൽ പലയിടത്തായി പലപ്പോഴായി ഉണ്ടായ ഭൂകമ്പങ്ങളുടെ പ്രകമ്പലം ഡൽഹിയിലും അനുഭവപ്പെട്ടിരുന്നു. വലിയ നാശനഷ്ടങ്ങൾ ഇതിലൊന്നിലും ഉണ്ടായിരുന്നില്ല. തുടർ പ്രകമ്പനങ്ങൾ പക്ഷെ, ഡൽഹിയെ കാത്തിരിക്കുന്ന ദുരന്തത്തിൻ്റെ സൂചനകളാണ് നൽകുന്നത്.
ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും കൂട്ടിയിടിക്കുന്നതു മൂലമാണ് ഹിമാലയം ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ മേഖലയിൽ അടിക്കടി ഭൂകമ്പം ഉണ്ടാകുന്നത്. കഴിഞ്ഞ 50 ദശലക്ഷം വർഷങ്ങളായി തുടർച്ചയായി നടക്കുന്ന ഒന്നാണ് ഈ കൂട്ടിയിടി. 1720 എ.ഡി മുതൽ ഡൽഹി കേന്ദ്രഭരണ പ്രദേശത്തോ അതിനടുത്തോ അഞ്ച് ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. 5.5 മുതൽ 6.7 വരെയായിരുന്നു അതിൻ്റെ തീവ്രത. ഡൽഹി-ഹരിദ്വാർ പർവത ശിഖരം, ഡൽഹി-മൊറാദാബാദ് ഭൂഭ്രംശം എന്നിവ ഈ മേഖലയിലാണ്. ഇവ രണ്ടും റിക്ടർ സ്കെയിലിൽ 8.0 തീവ്രത വരെയുള്ള ഭൂകമ്പങ്ങൾക്കും അതുവഴി വൻ നാശനഷ്ടമുണ്ടാക്കാൻ കെൽപ്പുള്ളതുമാണ്. ഭൗമോപരിതലത്തിൽ നിന്ന് 30 കിലോമീറ്റർ ആഴത്തിൽ വരെ ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
സജീവ ഭൂകമ്പ സാധ്യതാ മേഖലയാണ് ഹിമാലയൻ മേഖല. ഇവിടെ നിന്ന് 250 കിലോമീറ്റർ മാത്രം ദൂരത്തിലാണ് ഡൽഹി. അതിനാൽ തന്നെ ഹിമാലയൻ മേഖലയിൽ വളരെ ദൂരെ നിന്നും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന ഭൂകമ്പങ്ങളുടെ പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെടും. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഭൂകമ്പ മേഖലാ ഭൂപടത്തിൽ ഭൂകമ്പ മേഖല IV ലാണ് രാജ്യ തലസ്ഥാനം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭൂകമ്പ മേഖലയാണിത്. ഇന്ദ്രപ്രസ്ഥത്തിൻ്റെ അടിത്തട്ടിലെങ്ങോ ഒരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നത് അടിവരയിട്ട് ഓർമ്മിപ്പിക്കുകയാണ് ഈ വസ്തുതകൾ.