‘എനിക്ക് എന്നെത്തന്നെ രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റുള്ളവരെ എങ്ങനെ രക്ഷിക്കും’ ;രോഗികൾക്ക് മാതൃകയായി ഡോക്ടർ
അമിതവണ്ണമുള്ള രോഗികൾക്ക് മാതൃകയായി സ്വന്തം ഭാരം കുറച്ച് ചൈനയിലെ ഡോക്ടർ വു ടിയാങ്‌ജെൻ. വണ്ണമുള്ള രോഗികളെ ചികിത്സിക്കുകയും, ശസ്ത്രക്രിയയിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന സോങ്‌നാൻ ആശുപത്രിയിലെ സർജനാണ് വു ടിയാങ്. 42 ദിവസത്തിനുള്ളിൽ 25 കിലോ ഭാരം കുറച്ച ഇദ്ദേഹം ഫിറ്റ്നസ് മത്സരത്തിൽ നിരവധി അവാർഡുകൾ നേടുകയും , ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനോടകം വൈറലാവുകയും ചെയ്തിട്ടുണ്ട്.
അലസമായ ജീവിതശൈലി ,ജോലി തിരക്ക് എന്നിവയാൽ 31 ാം വയസ്സിൽ അദ്ദേഹത്തിന്റെ ഭാരം 97 .5 കിലോ ആയി മാറുകയും പിന്നീട് 2023 ൽ കരൾ രോഗം സ്ഥിതീകരിക്കുകയും ചെയ്തു. രോഗികളുടെ അമിത വണ്ണം കുറയ്ക്കാൻ ചികിത്സ നൽകുന്ന ഡോക്ടറുടെ അവസ്ഥ തന്നെ ഇതുപോലെ ആയതിൽ നിന്നാണ് ഒരു മാറ്റം വേണമെന്ന ചിന്ത ഉണ്ടായതെന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
“എനിക്ക് എന്നെത്തന്നെ രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റുള്ളവരെ എങ്ങനെ രക്ഷിക്കാൻ കഴിയും” എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
അമിത വണ്ണം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും അദ്ദേഹം സ്വയം ഒരു പദ്ധതി ഉണ്ടാക്കി. ഇതിനായി ഐഎഫ്ബിബി വേൾഡ് ഫിറ്റ് മോഡൽ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ഫിറ്റ് മോഡൽ ചാമ്പ്യൻഷിപ്പ് നേടിയ അത്‌ലറ്റ് ഷി ഫാനെ വു തന്റെ പരിശീലകനായി നിയമിക്കുകയും പരിശീലനം ആരംഭിക്കുകയും ചെയ്തു. പിന്നീടാണ് മത്സരത്തിൽ പങ്കെടുക്കാൻ കൂടി പരിശീലനം ശക്തമാക്കിയത് , ജിമ്മിൽ 4 മണിക്കൂർ വ്യായാമം ,ആറ് മണിക്കൂർ ഉറക്കം ഇങ്ങനെ ചിട്ടയോടുള്ള പരിശീലനത്തിനൊടുവിൽ അദ്ദേഹത്തിന്റെ ഭാരം 73.5 കിലോ ആയി മാറി
ജനുവരിയിൽ നടന്ന ടിയാൻറുയി കപ്പ് ഫിറ്റ്നസ് ആൻഡ് ബോഡിബിൽഡിംഗ് മത്സരത്തിൽ പങ്കെടുക്കുകയും, പുതുമുഖ, ഫിറ്റ് മോഡൽ വിഭാഗങ്ങളിൽ ചാമ്പ്യൻ കിരീടങ്ങൾ നേടുകയും ചെയ്തു.വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരോട് എന്ത് ഉപദേശമാണ് നൽകാൻ ഉള്ളത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് , സ്വന്തമായി ഒരു പ്ലാൻ ഉണ്ടാക്കുകയും അതിനായി പരിശ്രമിക്കുകയുമാണ് ചെയ്യേണ്ടതെന്നും , ഭക്ഷണത്തെ ഒഴിവാക്കി ചുരുങ്ങിയ സമയത്തുനുള്ളിൽ ഭാരം കുറയ്ക്കുന്ന രീതിയോട് താൻ യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.