‘സർക്കാർ പറയുന്നത് കള്ളം; മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല’; ആശാവർക്കർമാർ
സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാവർക്കർമാർ. മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാവർക്കർമാർ പറഞ്ഞു. 13,200 രൂപ ലഭിക്കുന്നുണ്ട് എന്നത് സർക്കാർ പറയുന്ന കള്ളമാണെന്നും 7,000 രൂപ പോലും ലഭിക്കാത്ത ആശാവർക്കർമാർ ഉണ്ടെന്നും സമരക്കാർ ട്വന്റിഫോറിനോട് പ്രതികരിച്ചു. രണ്ട് മാസത്തെ ഓണറേറിയം സർക്കാർ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യങ്ങൾ മുഴുവൻ നേടാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് സമരക്കാർ പ്രഖ്യാപിച്ചത്.
7,000 രൂപയാണ് ഓണറേറിയം, ബാക്കി ഇന്‍സെന്റീവ് വെച്ചാണ് തരുന്നതെന്ന് സമരക്കാര്‍ പറയുന്നു. മാനദണ്ഡങ്ങള്‍ പ്രകാരം പോലും ഇത് കിട്ടാറില്ലെന്നും 1500 രൂപ വരെ ലഭിക്കുന്ന ആശാവര്‍ക്കര്‍മാരുണ്ടെന്ന് മരക്കാര്‍ പറയുന്നു. ഒരിക്കലും പിരിഞ്ഞുപോകില്ലെന്നും വിജയം വരെ സമരം ചെയ്യുമെന്നും സമരക്കാർ വ്യക്തമാക്കി. സെക്രട്ടറിയേറ്റിലെ സമരം ഒൻപതാം ദിനത്തിലേക്ക് കടന്നപ്പോഴാണ് സർക്കാർ രണ്ട് മാസത്തെ വേതനം അനുവദിച്ചത്.
52.85 കോടി രൂപയാണ് അനുവദിച്ചത്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ഓണറേറിയമാണെന്ന് കേരളത്തിലെ ആശാ വർക്കർമാർക്ക് ലഭിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കിയത്. അതേസമയം വ്യാഴാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ മുഴുവൻ ആശാവർക്കർമാരും പങ്കെടുക്കുന്ന മഹാസംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് കാണിച്ചു മുഖ്യമന്ത്രിക്ക് ആശാവർക്കർമാരുടെ സംഘടന നിവേദനം നൽകിയിരുന്നു. വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കർമാർ സമരം ചെയ്യുന്നത്.