KeralaTop News

കയര്‍ തൊഴിലാളികള്‍ക്ക് ജോലിയോ കൂലിയോ ഇല്ല’; സര്‍ക്കാരിനെതിരെ സമരവുമായി എഐടിയുസി

Spread the love

കയര്‍ മേഖലയോടുള്ള അവഗണനയില്‍ സര്‍ക്കാരിനെതിരെ സമരവുമായി സിപിഐ അനുകൂല സംഘടനയായ എഐടിയുസി. നാളെ സംസ്ഥാനത്തെ മുഴുവന്‍ കയര്‍ഫെഡ് ഓഫീസുകളിലേക്കും എഐടിയുസി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. തൊഴിലാളികള്‍ക്ക് തൊഴിലുമില്ല കൂലിയുമില്ലെന്നും വിഎസ് സര്‍ക്കാര്‍ കയര്‍മേഖലയെ ഉണര്‍ത്തിയെങ്കില്‍ ഇന്ന് എല്ലാം പരാജയപ്പെട്ട സ്ഥിതിയെന്നും സിപിഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.വി.സത്യനേശന്‍ വിമര്‍ശിച്ചു.

തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ബുധനാഴ്ച കയര്‍ തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി സമരം നടത്തും. കയര്‍ മേഖലയുടെ പരാജയത്തിന് പ്രധാനകാരണം കയര്‍ഫെഡും കയര്‍ കോര്‍പ്പറേഷനും ആണെന്നാണ് എഐടിസിയുടെ ആരോപണം. കയര്‍ മേഖലയെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തേണ്ട സര്‍ക്കാര്‍ അതിനെ അവഗണിക്കുന്നു. സര്‍ക്കാര്‍ ആവശ്യമായ സഹായം ചെയ്യുന്നില്ല എന്നത് ദുഃഖസത്യം. ബജറ്റില്‍ അനുവദിച്ച തുക അപര്യാപ്തമെന്നും സിപിഐ നേതാവ് പി വി സത്യനേശന്‍ പറഞ്ഞു.

10 ലക്ഷത്തിലധികം തൊഴിലാളികള്‍ ഉണ്ടായിരുന്ന മേഖലയില്‍ ഇപ്പോള്‍ 1 ലക്ഷത്തില്‍ താഴെയുള്ളവരാണ് പണിഎടുക്കുന്നത്. സര്‍ക്കാരിന് നിവേദനങ്ങള്‍ പലതു കൊടുത്തിട്ടും ഫലമില്ല. മേഖലയ്ക്ക് മതിയായ വിഹിതം അനുവദിക്കുന്നതിനു ധനമന്ത്രി തയ്യാറാകുന്നില്ല. തൊഴിലാളികള്‍ക്ക് മിനിമം വേതനം പോലുമില്ല. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന നിലപാടിലാണ് സിപിഐയും എഐടിയുസിയും.