NationalTop News

ഇരട്ട നികുതി ഒഴിവാക്കും, വരുമാന നികുതി വെട്ടിപ്പ് തടയും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു

Spread the love

ഇന്ത്യയും ഖത്തറും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളിൽ ആണ് ഒപ്പ് വച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെയും സാന്നിധ്യത്തിൽ ആണ് കരാർ ഒപ്പുവച്ചത്.

രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനി ഇന്ത്യയിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലായിരുന്നു ഖത്തർ അമീറിൻ്റെ മോദിയുമായുള്ള കൂടിക്കാഴ്ച. ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങാനും ധാരണയായി. ഖത്തർ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുൻ നാവികസേന ഉദ്യോഗസ്ഥൻറെ കാര്യവും ചർച്ചയായെന്നാണ് സൂചന.

രാഷ്ട്രപതിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഷെയ്ത് തമീം ബിൻ ഹമദ് അൽ താനി രാത്രി എട്ടരയ്ക്ക് മടങ്ങും. പ്രോട്ടോക്കോൾ മാറ്റിവച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തി നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീറിനെ സ്വീകരിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ ഷെയ്ക് ഹമീമുമായി ചർച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് അമീർ ഇന്ത്യയിലെത്തിയത്.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ ഇന്ത്യൻ സന്ദർശനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽഥാനിയുമുണ്ട്.രാവിലെ ഖത്തർ അമീറിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേല്പ് നല്കി. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീർ കൂടിക്കാഴ്ച നടത്തി.