വയനാടിനുള്ള കേന്ദ്ര വായ്പ; ഉപാധി മറികടക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ, ടൗൺഷിപ് തറക്കല്ലിടൽ മാർച്ചിൽ
തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്രത്തിൻ്റെ വായ്പാ ഉപാധി മറികടക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ടൗൺഷിപ്പിനുള്ള ഭൂമിയുടെ വിലനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഈ മാസം തന്നെ എസ്റ്റേറ്റുകൾ ഏറ്റെടുത്ത് ഉത്തരവിറക്കാനാണ് തീരുമാനം. കേന്ദ്ര വായ്പാ വിനിയോഗ നടപടികൾ വിലയിരുത്താൻ വൈകീട്ട് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.
ഇനി വൈകിയാൽ നേരം ഇല്ലെന്ന ധാരണയിലാണ് വയനാട് പുനരധിവാസ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
എൽസ്റ്റോൺ നെടുമ്പാല എസ്റ്റേറ്റുകളിലായി ടൗൺഷിപ്പിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് നടപടി അവസാന ഘട്ടത്തിലാണ്. വിലനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഈ മാസം തന്നെ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കും. ഗുണഭോക്താക്കളുടെ ആദ്യ ഘട്ട പട്ടികയിൽ തീരുമാനമാക്കി മാര്‍ച്ചിൽ ടൗൺഷിപ്പിന് തറക്കല്ലിടാനാണ് സര്‍ക്കാര്‍ നീക്കം. പുനരധിവാസത്തിന് തയ്യാറാക്കുന്ന ടൗൺഷിപ്പിനോട് ചേര്‍ന്ന പൊതു ഗതാഗത സൗകര്യത്തിനും പൊതു കെട്ടിടങ്ങൾക്കും അടക്കം 16 പദ്ധതികൾക്കാണ് കേന്ദ്രം വായ്പ അനുവദിച്ചിട്ടുള്ളത്.
529.50 കോടി രൂപ ചെലവഴിക്കാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രമെ മുന്നിലുള്ളു എന്നിരിക്കെ അടിയന്തര പ്രാധാന്യത്തോടെ പദ്ധതി തയ്യാറാക്കാൻ വിവിധ വകുപ്പ് മേധാവികൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ രൂപരേഖയിൽ അവലോകനത്തിനും സുപ്രധാന തീരുമാനങ്ങൾക്കുമാണ് ഇന്ന് ഉന്നത തല യോഗം ചേരുന്നത്. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിയും റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ദുരന്ത നിവാരണ വകുപ്പ് മെന്പര്‍ സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. ടൗൺഷിപ്പും അനുബന്ധ പദ്ധതികളും പണി ആരംഭിച്ച ശേഷം വായ്പാ തുക വിനിയോഗത്തിൽ കേന്ദ്രത്തോട് സാവകാശം തേടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്