ബാത്ത്‌റൂമീന് സമീപം ഉള്‍പ്പെടെ പുരുഷ സാന്നിധ്യം; പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ആന്ധ്രയിലെ കേന്ദ്രസര്‍വകലാശാലയില്‍ പ്രതിഷേധം
ആന്ധ്രാപ്രദേശിലെ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരം. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ തുടര്‍ച്ചയായി സുരക്ഷാ വീഴ്ച ഉണ്ടാകുന്നതിന് എതിരെയാണ് പ്രതിഷേധം. മാനേജ്‌മെന്റ് അനാസ്ഥകാട്ടുകാട്ടുകയാണെന്നും വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനുകൂലതീരുമാനം ഉണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
മലയാളികള്‍ ഉള്‍പ്പടെ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ആന്ധ്രയിലെ കേന്ദ്ര സര്‍വകലാശാല ഹോസ്റ്റലിലാണ് ഇന്നലെ രാത്രി മുതല്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നാളുകളായി യാതൊരു സുരക്ഷയുമില്ലെന്ന് ഇവര്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുന്ന് ബാത്ത്‌റൂമിന് സമീപം ഒരു പുരുഷനെ കണ്ടിരുന്നു. അധ്യാപകരോട് പരാതി പറഞ്ഞെങ്കിലും ഇവര്‍ കാര്യമായെടുത്തില്ല. കഴിഞ്ഞ ദിവസവും സമാനസംഭവമുണ്ടായി. ഇയാള്‍ ഉപയോഗിച്ച ലഹരിവസ്തുവിന്റെ കവറും കണ്ടെത്തി.
മാനേജ്‌മെന്റ് അനാസ്ഥ തുടര്‍ന്നതോടെയാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. പോലിസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് കുട്ടികളെ പിരിച്ച് വിടാനും സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. പിന്നീട് വിദ്യാര്‍ഥികളുമായി ഇവര്‍ ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. ഹോസ്റ്റലിലെ ഭക്ഷണമടക്കം നിരവധി പ്രശ്‌നങ്ങള്‍ വേറെയുമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.