Thursday, February 20, 2025
Latest:
NationalTop News

തരൂരിന് തെറ്റുപറ്റിയെന്ന് കോണ്‍ഗ്രസ് നേതൃത്വം, പ്രസ്താവനകളിലെ അതൃപ്തി അറിയിച്ചു,ഹൈക്കമാന്‍ഡ് നടപടിയെടുക്കില്ല

Spread the love

ദില്ലി: കേന്ദ്രത്തില്‍ മോദിയേയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടപടിയെടുക്കില്ല. പ്രസ്താവനകളിലെ അതൃപ്തി തരൂരിനെ അറിയിച്ച നേതൃത്വം കേരള സര്‍ക്കാരിന്‍റെ കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ധരിപ്പിച്ചു. ഹൈക്കമാന്‍ഡുമായി ഏറെക്കാലമായി അകലം പാലിക്കുന്ന തരൂരിന് അച്ചടക്ക നടപടിയിലൂടെ ആയുധം നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്.

തരൂരിന് തെറ്റു പറ്റിയെന്ന് തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. നയതന്ത്രം പറഞ്ഞ് മോദി പ്രകീര്‍ത്തനത്തില്‍ നിന്നും, കണക്കുകളുടെ ബലത്തിലെെന്ന വാദത്തില്‍ സ്റ്റാര്‍ട്ട് അപ്പ് സ്തുതിയില്‍ നിന്നും തരൂര്‍ തലയൂരുമ്പോള്‍ പാര്‍ട്ടിക്ക് അത് ദേശീയ തലത്തിലും കേരളത്തിലും വലിയ പരിക്കേല്‍പിച്ചുവെന്ന് തന്നെയാണ് ഹൈക്കമാന്‍ഡ് കാണുന്നത്. പാര്‍ട്ടി നേതാവെന്ന ലേബലില്‍ വ്യവസായ മന്ത്രിയുടെ അവകാശ വാദം ഉന്നയിച്ച് തരൂര്‍ ലേഖനമെഴുതാന്‍ പാടില്ലായിരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്. പരമ്പരാഗത വ്യവസായ മേഖലകളടക്കം കേരളത്തില്‍ വലിയ തിരിച്ചടി നേരിടുന്ന കാര്യം തരൂരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പരാതി ഹൈക്കമാന്‍ഡ് നേതാക്കള്‍ ചര്‍ച്ച ചെയ്തിരുന്നു. യാഥാര്‍ത്ഥ്യം തരൂരിനെ ധരിപ്പിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്നാണ് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ തരൂരുമായി സംസാരിച്ചത്

വിശദീകരണം തേടുന്നതടക്കം അച്ചടക്ക നടപടികളൊന്നും തല്‍ക്കാലം വേണ്ടെന്നാണ് നിലപാട്. സമൂഹമാധ്യമങ്ങളിലും പുറത്തും തരൂരിന് പിന്തുണയേറുമ്പോള്‍ അച്ചടക്ക നടപടി ബൂമറാങ്ങാകുമെന്നാണ് നേതൃത്വം കരുതുന്നത്. അതേ സമയം ഹൈക്കമാന്‍ഡ് നേതൃത്വത്തിന്‍റെ അവഗണനയില്‍ തരൂരിന് കടുത്ത അതൃപ്തിയുണ്ട്.
പ്രവര്‍ത്തക സമിതിയിലെടുത്തെങ്കിലും സംഘടനാപരമായ വിഷയങ്ങളില്‍ അകറ്റി നിര്‍ത്തിയിരിക്കുന്നുവെന്നാണ് ആക്ഷേപം.രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായതോടെ പാര്‍ലമെന്‍റിലും മുന്‍കാലങ്ങളിലേത് പോലെ പരിഗണിക്കപ്പെടുന്നില്ല. തരൂരിന്‍റെ സാന്നിധ്യത്തെ സംസ്ഥാനത്തും നേതാക്കള്‍ താല്‍പര്യപ്പെടുന്നില്ല. വിള്ളല്‍ വര്‍ധിക്കും തോ‍റും ദേശീയ തലത്തിലെയും സംസ്ഥാനത്തെയും കോണ്‍ഗ്രസിന്‍റെ എതിരാളികള്‍ക്കും തരൂരില്‍ നിന്ന് തുടര്‍ന്നും തലോടല്‍ പ്രതീക്ഷിക്കാമെന്നാണ് ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്.