KeralaTop News

CPIM നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകളെന്ന് ആദ്യം’; പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ശശി തരൂർ

Spread the love

‘നരഭോജി’ പ്രയോഗം പിൻവലിച്ച് ശശി തരൂർ എം പി. സിപിഐഎമ്മിന്റെ നരഭോജികൾ എന്ന് ഉപമിച്ച ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ചു. പകരം കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രം മാത്രമിട്ടു കുറിപ്പ്. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.

ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘സി.പി.ഐ.എം. നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍’ എന്ന കെ.പി.സി.സിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെക്കുകയാണ് തരൂര്‍ ചെയ്തത്.എന്നാല്‍ പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം തരൂര്‍ നീക്കം ചെയ്തു. പകരമിട്ട പോസ്റ്റില്‍ സിപിഐഎം പരാമര്‍ശമേ ഇല്ലായിരുന്നു.

ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു തരൂരിന്റെ അനുസ്മരണ പോസ്റ്റ്. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. 2019 ഫെബ്രുവരി 17-നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികള്‍ക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.