പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനായി പ്രതികൾ അപേക്ഷ നൽകി; നീക്കം ശിക്ഷിക്കപ്പെട്ട് ഒന്നരമാസം തികയും മുൻപ്
പെരിയ ഇരട്ടക്കൊലപാതക കേസിൽ പരോളിനായി പ്രതികൾ അപേക്ഷ നൽകി. എട്ടാം പ്രതി എ സുബീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ അപേക്ഷ നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ട് ഒന്നരമാസം തികയും മുൻപാണ് പ്രതികളുടെ നീക്കം. നീക്കത്തിന് പിന്നിൽ ഉന്നത സിപിഐഎം നേതാക്കളുടെ ഇടപെടലെന്ന് ആരോപണം. ജയിലധികൃതർ പോലീസിന്റെ റിപ്പോർട്ട് തേടും.
ജനുവരി മൂന്നിനാണ് പ്രതികൾക്ക് സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജനുവരി 20,21 തീയതികളിലാണ് പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ പരോളിനായി അപേക്ഷ സമർപ്പിച്ചത്. പരോളുമായി ബന്ധപ്പെട്ട് പൊലീസ് അനുകൂല റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് വിവരം. കേസിൽ ഒന്നു മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെടുന്നത്. ആറു വർഷമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി വിധി പറഞ്ഞത്. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.