ഗതാഗത കുരുക്കിൽപ്പെടാതെ എത്തണം, പാരാഗ്ലൈഡ് ചെയ്ത് പരീക്ഷ ഹാളിൽ പറന്നിറങ്ങി ബികോം വിദ്യാർത്ഥി
ഗതാഗതക്കുരുക്ക് പലപ്പോഴും നമ്മുടെയൊക്കെ സമയം കളയാറുണ്ട്. പക്ഷേ ചില സ്ഥലങ്ങളിൽ കൃത്യസമയത്ത് എത്തിയല്ലേ പറ്റൂ. മഹാരാഷ്ട്രയിലെ ഒരു വിദ്യാർത്ഥി പരീക്ഷയ്ക്ക് എത്താൻ വൈകിയപ്പോൾ, ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ കണ്ടെത്തിയ വഴി ആരെയും അതിശയിപ്പിക്കും. പരീക്ഷാ ഹാളിലേക്ക് പാരാഗ്ലൈഡിംഗ് നടത്തിയാണ് ഈ വിദ്യാർത്ഥി എത്തിയത്.
കോളേജ് ബാഗുമായി ആകാശത്ത് പറക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാരാഗ്ലൈഡിംഗിന് ആവശ്യമായ എല്ലാ വസ്ത്രങ്ങളും ധരിച്ചാണ് വിദ്യാർത്ഥി പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിയത് എന്നത് ശ്രദ്ധേയമാണ്.
മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ സമർഥ് മഹാംഗഡെ എന്ന ബികോം വിദ്യാർത്ഥിയാണ് ഈ സാഹസത്തിന് മുതിർന്നത്. പരീക്ഷാ ദിവസം സമർഥ് പഞ്ചഗണിയിലായിരുന്നു. വൈ-പഞ്ച്ഗണി റോഡിലെ പസാരണി ഘട്ട് ഭാഗത്ത് വൻ ഗതാഗതക്കുരുക്ക്. കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്താൻ റോഡ് മാർഗം പോയാൽ കഴിയില്ലെന്ന് മനസ്സിലായപ്പോഴാണ് സമർഥ് സമർഥമായി പാരാഗ്ലൈഡിംഗിന് മുതിർന്നത്.
പഞ്ചഗണിയിലെ ജിപി അഡ്വഞ്ചേഴ്സിലെ സാഹസിക കായിക വിദഗ്ധനായ ഗോവിന്ദ് യെവാലെയാണ് ഇതിന് സൗകര്യമൊരുക്കിയത്. പരിചയസമ്പന്നരായ പാരാഗ്ലൈഡിംഗ് ഇൻസ്ട്രക്ടർമാരുടെ മേൽനോട്ടത്തിൽ സമർഥ് തന്റെ പരീക്ഷാ കേന്ദ്രത്തിൽ സുരക്ഷിതമായി എത്തിച്ചേർന്നു.