കര്‍ണാടകയില്‍ 15 വയസുകാരന്റെ കൈയിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം
കര്‍ണാടകയിലെ മണ്ഡ്യയില്‍ 15കാരന്റെ കൈയ്യില്‍ നിന്ന് തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശികളുടെ മകന്‍ അഭിജിത്താണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മയുടെ കാലിനും വെടിയേറ്റു.
മണ്ഡ്യ ജില്ലയിലെ നാഗമംഗലയില്‍ ഇന്നലെ വൈകിട്ടാണ് ദാരുണമായ സംഭവവുണ്ടായത്. മരിച്ച നാല് വയസുകാരന്റെ വീടിനോട് ചേര്‍ന്ന് കോഴി ഫാം പ്രവര്‍ത്തിച്ചിരുന്നു. ഫാം നടത്തിപ്പുകാരില്‍ ഒരാളാണ് തോക്കിന്റെ ഉടമ. പശ്ചിമ ബംഗാള്‍ സ്വദേശികളുടെ വീട്ടിലാണ് ഇയാള്‍ തോക്ക് സൂക്ഷിച്ചിരുന്നത്. തൊട്ട് സമീപമുള്ള ഫാമില്‍ ജോലി ചെയ്യുന്ന പതിഞ്ചുകാരന്‍ കളിക്കുന്നതിനായി ഈ വീട്ടിലെത്തി. അതിനിടെ അവിടെ കണ്ട തോക്ക് എടുത്ത് പരിശോധിച്ചു. പിന്നാലെ അബദ്ധത്തില്‍ ട്രിഗര്‍ വലിക്കുകയായിരുന്നു. തൊട്ട് മുന്നില്‍ ഉണ്ടായിരുന്ന നാല് വയസുകാരന്റെ വയറിലാണ് ആദ്യ വെടി കൊണ്ടത്. കുട്ടി തല്‍ക്ഷണം മരിച്ചു.
കുട്ടിയുടെ അമ്മയുടെ കാലിനാണ് രണ്ടാമത് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ അമ്മ ചികിത്സയില്‍ തുടരുന്നു. 15കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലൈസന്‍സ് ഉണ്ടെങ്കിലും തോക്ക് ഉടമയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.