വിദ്യാര്‍ത്ഥിയെ കബളിപ്പിച്ച കേസില്‍ ബൈജൂസ് ആപ്പിന് 50,000 രൂപ പിഴ ശിക്ഷ
വിദ്യാര്‍ത്ഥിയെ കബളിപ്പിച്ച കേസില്‍ ബൈജൂസ് ആപ്പിന് 50,000 രൂപ പിഴ ശിക്ഷ. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് പിഴ ശിക്ഷ സംബന്ധിച്ച ഉത്തരവിറക്കിയത്. എറണാകുളം സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവുമായ സ്റ്റാലിന്‍ ഗോമസ് സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
മൂന്ന് ട്രയല്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥി തൃപ്തനായില്ലെങ്കില്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തില്‍ തുക തിരിച്ച് നല്‍കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. 16,000 രൂപ നല്‍കിയായിരുന്നു വിദ്യാര്‍ത്ഥിയുടെ പേര് ബൈജൂസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ വളരെ പെട്ടെന്ന് ക്ലാസ് തീരുമാനിച്ചതിനാല്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന കുട്ടിയുടെ രക്ഷിതാവ് സേവനം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ തുകയും തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബൈജൂസ് ഈ തുക തിരികെ കൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു.
കേസ് പരിഗണിച്ച കോടതി രക്ഷിതാവ് മുടക്കിയ 16000 രൂപയ്ക്ക് പുറമേ നഷ്ടപരിഹാരമായി 25000 രൂപയും വക്കീല്‍ ഫീസിനത്തില്‍ ചെലവായ 10,000 രൂപയും നല്‍കണമെന്ന് അറിയിച്ചു. 45ദിവസത്തിനകം തുക നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.