പ്രതിപക്ഷം സർക്കാരിന്റെ ബി ടീം; മന്ദബുദ്ധികളായ UDF എൽഡിഎഫിന്റെ പ്രചാരണം ഏറ്റെടുക്കുന്നു’; കെ സുരേന്ദ്രൻ
സംസ്ഥാനത്ത് ഇന്ത്യാ സഖ്യം യാഥാർഥ്യമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭക്ഷണപക്ഷവും പ്രതിപക്ഷവും തിരിച്ചറിയാനാകാത്ത വിധം സമാന സ്വഭാവമുള്ളവരായി മാറി. ദിശാബോധം നഷ്ടപ്പെട്ട പ്രതിപക്ഷമാണുള്ളത്. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ ബി ടീം ആണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശശി തരൂർ വിഷയത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.
പ്രതിപക്ഷ ധർമ്മം എന്തെന്ന് അറിയാൻ കഴിയാത്തവരായി മാറിയിരിക്കുന്നു. ശശിതരൂർ മാത്രമല്ല വി ഡി സതീശനും അതുതന്നെയാണ് ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വർദ്ധിച്ചത് കേരള സർക്കാരിന്റെ പ്രയത്നഫലമായല്ല, കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമായെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിൽ സ്റ്റാർട്ട് അപ്പുകൾക്കുള്ള പലിശരഹിത വായ്പ 20 കോടിയായി വർധിപ്പിച്ചു. കേരളത്തിൽ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ സംസ്ഥാന സർക്കാർ എന്താണ് ചെയ്യുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു.
ഇന്ത്യയിൽ തൊഴിലില്ലായ്മ കൂടുതൽ കേരളത്തിലാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഭരണകക്ഷി പോലും അവകാശപ്പെടാത്ത കാര്യമാണ് ശശി തരൂർ പറഞ്ഞത്. എൽഡിഎഫ് ഏതാണ് യുഡിഎഫ് ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് ആണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കേണ്ടത്. ഇവിടെ എല്ലാത്തിനും കേന്ദ്രത്തെ പഴി പറയുകയാണ്. മന്ദബുദ്ധികൾ ആയ യുഡിഎഫ് എൽഡിഎഫിന്റെ പ്രചാരണം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു.
വയനാട് പുനരധിവാസം പാളിയതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയന് അത് കേന്ദ്രസർക്കാരിന്റെ തലയിൽ ഇടുന്നു. വായ്പ ചെലവഴിക്കുന്നതിന് കാലപരിധി നീട്ടി നൽകുന്നത് ചർച്ച ചെയ്യാമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇത്രയും നിരുത്തരവാദപരമായ ഒരു സംസ്ഥാന സർക്കാർ മുമ്പുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 28,000 കോടി രൂപ നികുതി ഇനത്തിൽ കേരളത്തിൽനിന്ന് പിരിഞ്ഞു കിട്ടാനുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയന്റെ ആഖ്യാനങ്ങൾക്ക് യുഡിഎഫ് നിന്നുകൊടുക്കുന്നു. യുഡിഎഫിന്റെ സർവ്വനാശത്തിന് ഇത് കാരണമാകും. നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ യുഡിഎഫ് എന്ത് തേങ്ങയാണ് ഇവിടെ പ്രചരിപ്പിക്കാൻ പോകുന്നത്. കേരളം ഇന്ത്യാ സഖ്യത്തിനെതിരായി എൻഡിഎ നടത്തുന്ന പ്രചാരണത്തിനൊപ്പം നിൽക്കും. ഇന്ത്യാ സഖ്യം ഇവിടെ നശിച്ചു നാറാണക്കല്ല് എടുക്കും. മുഖ്യമന്ത്രിയാകാൻ ഇപ്പോഴേ ആറുപേർ ഇറങ്ങിയിട്ടുണ്ട്. ഈ പ്രചരണവുമായി മുന്നോട്ടു പോയാൽ നിങ്ങളെ ജനം വിശ്വസിക്കുമോ. യുഡിഎഫ് നിലം തൊടാൻ പോകുന്നില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.