എട്ടാം ദിവസവും സെക്രട്ടറിയേറ്റ് പടിക്കൽ സമരം; ആശ വർക്കർമാർക്ക് പൊലീസ് നോട്ടീസ്, ’24 മണിക്കൂറിനകം ഹാജരാകണം’
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പൊലീസ് നോട്ടീസ്. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്‍റോൺമെൻ്റ് പൊലീസ് നോട്ടീസ് നൽകിയത്. സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൻ്റെ അന്വേഷണത്തിനായി 24 മണിക്കൂറിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നോട്ടീസിൽ പറയുന്നു.
അതേസമയം, സംസ്ഥാനത്തെ ആശാവർക്കർമാർക്കാണ് ഏറ്റവും കൂടുതൽ വേതനമെന്ന ആരോഗ്യമന്ത്രിയുടെ വാദങ്ങൾ തള്ളി സമരം ചെയ്യുന്ന ആശ വർക്കർമാർ രംഗത്തെത്തി. ആരോ സമരക്കാരെ ഇളക്കിവിട്ടെന്ന് ഇന്നലെ ധനമന്ത്രി ആക്ഷേപിച്ചപ്പോൾ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്നവരാണ് കേരളത്തിലെ ആശാവർക്കർമാരെന്നായിരുന്നു മന്ത്രി വീണാ വീണ ജോർജിന്‍റെ വാദം. വീണ ജോർജ് പറഞ്ഞ 13200 രൂപ പ്രതിമാസ വേതനം ഒരിക്കൽപ്പോലും കിട്ടിയിട്ടില്ലെന്നാണ് സമരക്കാരുടെ വിശദീകരണം. അതേസമയം, അധിക്ഷേപങ്ങൾക്കും അവകാശവാദങ്ങൾക്കും മുന്നിൽ കുലുങ്ങാതെയാണ് സെക്രട്ടറിയേറ്രിന് മുന്നിൽ ആശാവർക്കർമാരുടെ രാപ്പകൽ സമരം തുടരുന്നത്.
എട്ടാം ദിവസവും സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുകയാണ് ആശാവർക്കർമാർ. സമരത്തിന് പിന്തുണയുമായി കൂടുതൽ നേതാക്കളെത്തുന്നുണ്ട്. മൂന്ന് മാസത്തെ ഓണറേറിയം കുടിശിക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങൾ പരിഷ്കരിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മഹാ സംഗമം സംഘടിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.