ഇന്ത്യയിലെ ആദ്യ മൾട്ടിവേഴ്സ് സൂപ്പർഹീറോ ചിത്രത്തിൽ നിവിൻ പോളി
ഇന്ത്യയിലെ ആദ്യ മൾട്ടി വേഴ്സ് സൂപ്പർഹീറോ ചിത്രം മലയാളത്തിൽ ഒരുങ്ങുന്നു. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ പങ്കു വെച്ചിരിക്കുകയാണ് താരം. എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനം ചെയ്യുന്ന ‘മൾട്ടിവേഴ്സ് മന്മഥൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തുക്കൾ അനന്ദു എസ്. രാജും, നിഥിരാജും ആണ്.
അനേകം പ്രപഞ്ചങ്ങളുണ്ടെന്ന സങ്കല്പമാണ് മൾട്ടിവേഴ്സ്. ഇവയോരോന്നിനും വ്യത്യസ്ത നിയമങ്ങൾ, അനുഭവങ്ങൾ എന്നിവയായിരിക്കും.
മൾട്ടിവേഴ്സ് എന്ന സങ്കല്പത്തെ ഹോളിവുഡിൽ പലതവണ സിനിമയാക്കിയിട്ടുണ്ട്. അവയിലേറ്റവും ശ്രദ്ധേയമായ ചിത്രം 7 ഓസ്കർ പുരസ്കാരങ്ങൾ നേടിയ ‘എവരിതിങ് എവെരിവെയർ അറ്റ് ഓൾ അറ്റ് വൺസ്’ എന്ന ചിത്രമാണ്. കൂടാതെ മാർവൽ സ്റ്റുഡിയോസിന്റെ സ്‌പൈഡർമാൻ : നോ വേ ഹോം, ഡോക്റ്റർ സ്‌ട്രേഞ്ച് : മൾട്ടിവേഴ്സ് ഓഫ് മാഡ്‌നെസ്സ്, സ്പൈഡർമാൻ ഇൻടു ദി സ്പൈഡർവേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും മൾട്ടിവേഴ്സ് എന്ന ആശയത്തിന്റെ സിനിമാറ്റിക്ക് സാധ്യതകൾ പരീക്ഷിച്ചിട്ടുണ്ട്. ഈ യൂണിവേഴ്‌സിൽ ഒരു വ്യക്തിയുടെ തന്നെ പല പതിപ്പുകൾ ഒരുമിച്ച് കാണാൻ സാധിക്കാറുണ്ട്.
അങ്ങനെയെങ്കിൽ മൾട്ടിവേഴ്സ് മന്മഥനിൽ നിവിൻ പോളി ഒന്നിലധികം വേഷങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.
ഇപ്പോൾ തന്റെ ഭാരം കുറച്ച് കൂടുതൽ മെലിഞ്ഞ ലുക്കിലുള്ള നിവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നിവിൻ പോളിയുടെ പോസ്റ്റിന്റെ കമന്റ്റ് ബോക്സിൽ നിരവധി സെലിബ്രിറ്റികളാണ് താരത്തിന് പിന്തുണയുമായെത്തിയത്. ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണു നിവിൻ ശരീര ഭാരം കുറച്ചതെന്നാണ് റിപ്പോർട്ടുകൾ.