Wednesday, February 19, 2025
Latest:
KeralaTop News

എല്‍ഡിഎഫിനോട് വിരോധം ആയിക്കോളൂ, നാടിനോട് അതാകരുത്; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

Spread the love

കേരളത്തെ പുകഴ്ത്തിയുള്ള ഡോ ശശി തരൂരിന്റെ നിലപാടിനെ പിന്തുണച്ചും പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അത് നേട്ടമാണെന്ന് പറയുന്നതില്‍ ചിലര്‍ക്ക് വല്ലാത്ത പ്രശ്‌നമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ വ്യാവസായിക വളര്‍ച്ചയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശശി തരൂരിന്റെ പ്രതികണം വിവാദമാക്കുന്നത് നശീകരണ വാസനയുള്ളവരാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിന്റെ പുരോഗതിയെക്കുറിച്ച് സാധാരണഗതിയില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ തയ്യാറുള്ളവര്‍ കേരളത്തെ പ്രശസിക്കും. നമ്മുടെ നാട് മെച്ചപ്പെടുമ്പോള്‍ സന്തോഷം രേഖപ്പെടുത്തുന്ന സ്വാഭാവിക പ്രക്രിയയാണ് ഇവിടെയുണ്ടായതെന്നും അതിന് മറ്റ് ഉദ്ദേശങ്ങളില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് നിയമസഭയിലാണെന്നും അദ്ദേഹം കേരളത്തിലെ ജനങ്ങളുടെ പ്രതിപക്ഷം അല്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നാട് മെച്ചപ്പെടുത്താന്‍ ഒരു ഭാഗത്ത് ശ്രമങ്ങള്‍ നടക്കുന്നു. അതേസമയം ഒന്നും നടക്കാന്‍ പാടില്ലെന്ന് ചിലര്‍ കരുതുന്നു. ഇത് നമ്മുടെ നാടിന്റെ ദൗര്‍ഭാഗ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിനോട് വിരോധം ആയിക്കോളൂ പക്ഷേ നാടിനോട് ആകരുതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു.