KeralaTop News

‘കേരളത്തിന്റെ വ്യവസായ മേഖല തകര്‍ച്ചയില്‍; സര്‍ക്കാര്‍ രക്ഷപെടാന്‍ ശശി തരൂരിന്റെ പ്രസ്താവനയെ ആശ്രയിക്കുന്നു’ ; കെ സി വേണുഗോപാല്‍

Spread the love

കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂരിന്റെ ലേഖനത്തെ തളളി കെ സി വേണുഗോപാല്‍ എംപി. കേരളത്തിന്റെ വ്യവസായ മേഖല തകര്‍ച്ചയിലാണ് എന്നതാണ് യാഥാര്‍ഥ്യം. ശശി തരൂര്‍ ഏത് സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞത് എന്ന് അറിയില്ലെന്നും കെ സി വേണുഗോപാല്‍ എംപി പറഞ്ഞു.

കേരളത്തിന്റെ യാഥാര്‍ത്ഥ്യമറിയുന്ന ഒരു പ്രതികരണമായി എനിക്ക് തോന്നിയില്ല. ഇവിടെ കയര്‍ മേഖലയില്‍ വ്യവസായം എവിടെയാണ് വളര്‍ന്നത്. മത്സ്യ തൊഴിലാളി വ്യവസായം എവിടെയാണ് വളര്‍ന്നത്. കശുവണ്ടി തൊഴിലാളി മേഖലയില്‍ എന്താണ് സ്ഥിതി. പരമ്പരാഗത വ്യവസായം മുഴുവന്‍ തകര്‍ന്നിരിക്കുകയാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കേ രക്ഷപെടാന്‍ വേണ്ടി ശശി തരൂരിന്റെ പ്രസ്താവനയെ ആശ്രയിക്കുകയാണ് കേരള സര്‍ക്കാര്‍. കഷ്ടമെന്നെ പറയാനുള്ളു – അദ്ദേഹം വ്യക്തമാക്കി.

ഡോ ശശി തരൂരിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി AICC ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷും രംഗത്തെത്തി. ചിലപ്പോള്‍ പാര്‍ട്ടിയുടെ നിലപാടില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ അംഗങ്ങള്‍ പ്രകടിപ്പിക്കാറുണ്ടെന്നും പാര്‍ട്ടിയുടെ നിലപാടാണ് പരമപ്രധാനമെന്നും ജയ്‌റാം രമേഷ് എക്‌സില്‍ കുറിച്ചു.

അതേസമയം, കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ഉറച്ച് ശശീ തരൂര്‍ എം പി. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ മോശം ചെയ്താല്‍ ചൂണ്ടിക്കാട്ടുമെന്നും നല്ലത് ചെയ്താല്‍ നല്ലത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി അതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ഭാവിക്ക് വേണ്ടി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ വേണമെന്ന് നിരന്തരം പറയുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. കേരളം സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ 28 ാം സ്ഥാനത്തു നിന്നും ഒന്നാം സ്ഥാനത്തു എത്തിയെന്നും അതിനെ നമ്മള്‍ അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.