SportsTop News

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍; എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു

Spread the love

ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് മൂന്ന് ഗോളിനാണ് കീഴടങ്ങിയത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ബഗാനായി ജാമി മക്ലാരന്‍ ഇരട്ടഗോള്‍ നേടി. ആല്‍ബര്‍ട്ടോ റോഡ്രിഗസും ലക്ഷ്യം കണ്ടു. 20 കളിയില്‍ 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. ഏഴ് ജയവും മൂന്ന് സമനിലയും പത്ത് തോല്‍വിയുമാണ് ഇതുവരെ. പ്ലേ ഓഫ് നേരത്തേ ഉറപ്പിച്ച മോഹന്‍ ബഗാന്‍ 49 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്. ഫെബ്രുവരി 22ന് എഫ്സി ഗോവയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഗോവയിലെ ഫത്തോര്‍ദ സ്റ്റേഡിയത്തിലാണ് കളി.

ചെന്നൈയിന്‍ എഫ്സിക്കെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. വിജയ ടീമിനെ മലയാളി പരിശീലകന്‍ ടി ജി പുരുഷോത്തമന്‍ നിലനിര്‍ത്തി. ഗോള്‍വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ് തുടര്‍ന്നു. പ്രതിരോധത്തില്‍ സന്ദീപ് സിങ്, മിലോസ് ഡ്രിന്‍സിച്ച്, റുയ്വാ ഹോര്‍മിപാം, നവോച്ച സിങ്. മധ്യനിരയില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, ഡാനിഷ് ഫാറൂഖ് എന്നിവര്‍ അണിനിരന്നു. വിങ്ങുകളില്‍ അമാവിയ റെന്‍ത്ലെയ്, കോറു സിങ്. മധ്യത്തില്‍ ക്വാമി പെപ്ര എന്നിവര്‍. ഏക സ്ട്രൈക്കറായി ഹെസ്യൂസ് ഹിമിനെസും. പരിക്കേറ്റ നോഹ സദൂയ് പുറത്തിരുന്നു.

മോഹന്‍ ബഗാന്റെ ഗോള്‍കീപ്പറായി വിശാല്‍ കെയ്ത്തായിരുന്നു. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ സുഭാശിഷ് ബോസ്, തോമസ് മിഖായേല്‍ ആല്‍ഡ്രെഡ്, ആല്‍ബര്‍ട്ടോ റോഡ്രിഗസ്, ദീപേന്ദു ബിശ്വാസ് എന്നിവര്‍. അപൂയയും ദീപക് താന്‍ഗ്രിയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി. ഇതിന് മുന്‍വശത്തായി ലിസ്റ്റണ്‍ കൊളാസോ, മന്‍വീര്‍ സിങ്, ജാസണ്‍ കമ്മിങ്സ് എന്നിവരും. ഏക സ്ട്രൈക്കറായി ജാമി മക്ലാരനും.

കളിയുടെ തുടക്കം തന്നെ ബ്ലാസ്റ്റേഴ്സ് കത്തിക്കയറി. നാലാം മിനിറ്റില്‍ സന്ദീപിന്റെ ക്രോസ് പെപ്ര ഹെഡ്ഡര്‍ ചെയ്തെങ്കിലും ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നു. ഒമ്പതാം മിനിറ്റില്‍ അമാവിയ ഇടതുവിങ്ങില്‍നിന്നും നല്‍കിയ സുന്ദരന്‍ ക്രോസ് കോറു സിങ്ങിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ 15 മിനിറ്റില്‍ എഴുപത് ശതമാനവും പന്ത് ബ്ലാസ്റ്റേഴ്സിന്റെ കാലുകളിലായിരുന്നു. ഇടത് വിങ്ങില്‍നിന്ന് അമാവിയയുടെ നീക്കങ്ങള്‍ മഞ്ഞപ്പടയ്ക്ക് കരുത്തായി. ഈ ഇരുപത്തിരണ്ടുകാരന്റെ നീക്കങ്ങള്‍ ബഗാന്‍ പ്രതിരോധത്തെ വെള്ളം കുടിപ്പിച്ചു. 17–ാം മിനിറ്റില്‍ നവോച്ചയുടെ ഷോട്ട് പുറത്തുപോയി. പിന്നാലെ ഹിമിനെസും ഷോട്ടുതിര്‍ത്തു. ഇടതടവില്ലാതെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം ബഗാള്‍ ഗോള്‍മുഖത്തേക്ക് ഇരമ്പി. ബഗാന്‍ പ്രതിരോധത്തില്‍ സുഭാശിഷ് ബോസ് പലപ്പോഴും അവരുടെ രക്ഷകനായി. 23–ാം മിനിറ്റില്‍ കോറോ സിങ്ങിന്റെ ശ്രമം കെയ്ത്തിന്റെ കൈയിലായി. പിന്നാലെ അമാവിയയുടെ ഗോളെന്നുറച്ച ഷോട്ട് കെയ്ത്ത് സാഹസികമായി തട്ടിയകറ്റി. ബഗാന്‍ മുന്നേറ്റത്തിന് ശ്രമിക്കുമ്പോളെല്ലാം ബ്ലാസ്റ്റേഴ്സ് അവസരത്തിനൊത്തുയര്‍ന്നു.

എന്നാല്‍ കളിഗതിക്കെതിരായി ബഗാന്‍ ലീഡ് നേടി. 28–ാം മിനിറ്റില്‍ ഇടതുമൂലയില്‍നിന്നും ലിസ്റ്റണ്‍ നല്‍കിയ പാസ് ജാമി മക്ലാരന്‍ ഗോളാക്കി മാറ്റി. പിന്നാലെ വീണ്ടും ബ്ലാസ്റ്റേഴ്സ് മുന്നേറിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 40–ാം മിനിറ്റില്‍ ബഗാന്‍ രണ്ടാം ഗോളും നേടി. മക്ലാരനായിരുന്നു ഇത്തവണയും ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിലും മികച്ച നീക്കങ്ങളുമായി ആതിഥേയര്‍ നന്നായി തുടങ്ങി. പെപ്രയും ലൂണയും നന്നായി കളിച്ചു. 60–ാം മിനിറ്റില്‍ അമാവിയക്ക് പകരം വിബിന്‍ മോഹനനും സന്ദീപിന് പകരം ഐബാനും ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തി. എന്നാല്‍ 67–ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും വഴങ്ങി. ബഗാന്‍ പ്രതിരോധക്കാരന്‍ ആല്‍ബര്‍ട്ടോയാണ് അവരുടെ മൂന്നാം ഗോള്‍ നേടിയത്. വീണ്ടും ബ്ലാസ്റ്റേഴ്സ് മാറ്റങ്ങള്‍ വരുത്തി. പെപ്രയെയും ഫറൂഖിനെയും പിന്‍വലിച്ച് ദുസാന്‍ ലാഗറ്റോറിനെയും ഇഷാന്‍ പാണ്ഡിതയെയും കൊണ്ടുവന്നു. 85–ാം മിനിറ്റില്‍ കോറോ സിങ്ങിന് പകരം മുഹമ്മദ് ഐമേനും കളത്തിലെത്തി. കളിയവസാനം പ്രതീക്ഷയ്ക്ക് ഉയരാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ബഗാന്റെ പ്രതിരോധം മറികടക്കാനായില്ല.