‘ഭൂമി വിറ്റു, 45 ലക്ഷം രൂപ ലോൺ എടുത്തു; സർക്കാരിന്റെ സഹായം വേണം’; അമേരിക്കയിൽ നിന്ന് നാട് കടത്തപ്പെട്ട പഞ്ചാബ് സ്വദേശി
അമേരിക്കയിൽ നിന്നുള്ള 119 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാം ഘട്ടം ഇന്നലെ അമൃത്‌സറിൽ എത്തിയിരുന്നു. ഇതിൽ പഞ്ചാബ് സ്വദേശിയായ സൗരവും ഉൾപ്പെടുന്നുണ്ടായിരുന്നു. 45 ലക്ഷം രൂപ ചെലവഴിച്ചാണ് സൗരവ് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചത്. നാട്ടിലെ ഭൂമി വിറ്റും ലോൺ എടുത്തുമാണ് സൗരവിനെ കുടുംബം അമേരിക്കയിലേക്ക് അയച്ചിരുന്നത്.
“ജനുവരി 27 ന് ഞാൻ അമേരിക്കയിൽ പ്രവേശിച്ചു,” ഫിറോസ്പൂർ നിവാസിയായ സൗരവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മെക്‌സിക്കോ വഴിയാണ് താൻ യുഎസിലേക്ക് കടന്നതെന്ന് സൗരവ് പറയുന്നു. അതിർത്തി ഒരു പർവതപ്രദേശത്തായിരുന്നുവെന്നും, സംഘം യുഎസിലേക്ക് കടക്കാൻ രണ്ടോ മൂന്നോ ദിവസമെടുത്തുവെന്നും സൗരവ് പറയുന്നു. ബോർഡർ കടന്നതും രണ്ട് മണിക്കൂറിനുള്ളിൽ അമേരിക്കൻ അധികൃതർ ഇവരെ പിടികൂടിയെന്ന് യുവാവ് പറയുന്നു.
“യുഎസിൽ പ്രവേശിച്ച് 2-3 മണിക്കൂറിനുള്ളിൽ ഞങ്ങളെ പോലീസ് പിടികൂടി. അവർ ഞങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, 2-3 മണിക്കൂർ കഴിഞ്ഞ് ഞങ്ങളെ ഒരു ക്യാമ്പിലേക്ക് കൊണ്ടുപോയി. അവർ ഞങ്ങളുടെ ഫോട്ടോകളും വിരലടയാളങ്ങളും എടുത്തു. ഞങ്ങൾ 15-18 ദിവസം ക്യാമ്പിൽ താമസിച്ചു. രണ്ട് ദിവസം മുമ്പ്, ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ വിമാനത്തിൽ കയറിയപ്പോഴാണ് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയാണെന്ന് ഞങ്ങളോട് പറഞ്ഞത്” സൗരവ് പറയുന്നു.
അമേരിക്കയിലെത്താൻ 45 ലക്ഷം രൂപ സ്വരൂപിക്കാനായി മാതാപിതാക്കൾ ഭൂമി വിറ്റും ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങിയെന്നും സൗരവ് പറഞ്ഞു. “ഞാൻ ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചു. എൻ്റെ മാതാപിതാക്കൾ ഞങ്ങളുടെ ഭൂമി വിറ്റ്, ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങി. എനിക്ക് സർക്കാരിൽ നിന്ന് സഹായം വേണം, കാരണം എൻ്റെ മാതാപിതാക്കൾ ഞങ്ങളുടെ സ്ഥലം വിറ്റ് വായ്പയെടുത്തു, പക്ഷേ അതെല്ലാം വെറുതെയായി” സൗരവ് പറഞ്ഞു. സൗരവിന് ഇന്ത്യയിൽ നിന്ന് യുഎസിലെത്താൻ ഏകദേശം ഒന്നര മാസമെടുത്തു.
സൗരവ് കഴിഞ്ഞവർഷം ഡിസംബർ 17നാണ് ഇന്ത്യ വിട്ടത്. ആദ്യം മലേഷ്യയിലേക്ക് പോയി, അവിടെ ഒരാഴ്ച താമസിച്ചു. പിന്നീട് അടുത്ത വിമാനത്തിൽ മുംബൈയിലേക്ക് എത്തി. അവിടെ ഞാൻ 10 ദിവസം താമസിച്ചു. മുംബൈയിൽ നിന്ന് ഞാൻ ആംസ്റ്റർഡാമിലേക്കും പിന്നീട് പനാമയിലേക്കും ടപാചുലയിലേക്കും പിന്നീട് മെക്സിക്കോ സിറ്റിയിലേക്കും പോയി. മെക്സിക്കോ സിറ്റിയിൽ നിന്ന് അതിർത്തി കടക്കാൻ 3-4 ദിവസമെടുത്തുവെന്ന് സൗരവ് പറയുന്നു. അതേസമയം സൗരവിനെ അനധികൃതമായി യുഎസിലേക്ക് കടക്കാൻ സഹായിച്ച ഏജൻ്റിൻ്റെ പേര് വെളിപ്പെടുത്താൻ സൗരവിൻ്റെ കുടുംബം വിസമ്മതിച്ചു.
പഞ്ചാബിൽ നിന്നുള്ള 67 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത്, ഉത്തർ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കശ്മിർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലെത്തിച്ചത്. 104 അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം ഫെബ്രുവരി അഞ്ചിനാണ് എത്തിയത്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണെന്ന് വൃത്തങ്ങൾ അറിയിച്ചു.