KeralaTop News

‘പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ശശി തരൂരിനെതിരെ ഔദ്യോഗികമായി എഐസിസിക്ക് പരാതി നല്‍കണം’; സംസ്ഥാന കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരെ പടയൊരുക്കം

Spread the love

സംസ്ഥാന കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരെ പടയൊരുക്കം. നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ശശി തരൂരിനെതിരെ ഔദ്യോഗികമായി എ.ഐ.സി.സിക്ക് പരാതി നല്‍കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. വിവാദമുണ്ടായിട്ടും നിലപാട് തിരുത്താന്‍ തയ്യാറാവാത്തതില്‍ ശശി തരൂരിനെതിരെ അമര്‍ഷം പുകയുകയാണ്.

കേരളത്തെ പുകഴ്ത്തിയുള്ള ലേഖനത്തെ ഒരേ സ്വരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തിട്ടും തിരുത്താന്‍ ശശി തരൂര്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് ശശി തരൂരിനെതിരെ നിലപാട് കടുപ്പിക്കാന്‍ നേതാക്കളില്‍ തന്നെ ഒരു വിഭാഗം തീരുമാനിച്ചത്. നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എ.ഐ.സി.സിക്ക് കത്ത് നല്‍കാന്‍ കെ.പി.സി.സിയോട് ആവശ്യപ്പെടുാനാണ് നീക്കം.

കെ.പി.സി.സി ഔദ്യോഗികമായി കത്ത് നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ വിഷയം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാനും ചില നേതാക്കള്‍ക്ക് പദ്ധതിയുണ്ട്. കെ- റെയില്‍ വിഷയത്തില്‍ ഉള്‍പ്പെടെ തരൂര്‍ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചാണ് ഇവരുടെ നീക്കം. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ശശി തരൂരിന്റെ ശ്രമമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ സംസാരം.

ശശി തരൂരിന്റെ ഇടതു പ്രേമത്തെ ആശങ്കയോടെ നോക്കിക്കാണുന്നവരും ഉണ്ട്. പ്രശ്‌നം വഷളാക്കാതെ തീര്‍ക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. അതിനിടെ, മണ്ഡലത്തിലും ശശി തരൂര്‍ സജീവമാകുന്നില്ലെന്ന പരാതിയുമുണ്ട്. ശശി തരൂരിനെ പരസ്യമായി തള്ളി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെ രംഗത്തെത്തിയതോടെ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ഉണ്ടായേക്കും.