Top NewsWorld

കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി ആളെ പറ്റിക്കാൻ ശ്രമം, സന്ദർശകരെ പറ്റിക്കാനുള്ള മാർക്കറ്റിങ് തന്ത്രമെന്ന് ചൈന മൃഗശാല

Spread the love

സന്ദർശകരെ കബളിപ്പിക്കാനായി കഴുതയെ പെയിൻ്റടിച്ച് സീബ്രയാക്കിയ ചൈനയിലെ മൃഗശാല വിവാദത്തിൽ. തങ്ങളെ കബളിപ്പിക്കുന്നതിനായി കഴുതകളുടെ ശരീരത്തിൽ പെയിൻ്റടിച്ചതാണ് എന്ന് സന്ദർശകർ എളുപ്പത്തിൽ മനസ്സിലാക്കിയതോടെ മൃഗശാല അധികൃതരുടെ കള്ളക്കളി പൊളിഞ്ഞു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ സിബോ സിറ്റിയിലെ ഒരു മൃഗശാലയാണ് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി കറുപ്പും വെളുപ്പും പെയിൻ്റടിച്ച് കഴുതകളെ സീബ്രകൾ ആക്കി മാറ്റിയത്. തട്ടിപ്പ് കയ്യോടെ പിടികൂടിയതോടെ അവസാനത്തെ അടവുമായി മൃഗശാല ഉടമ രംഗത്തെത്തി. സന്ദർശകരെ പറ്റിക്കുന്നതിനായി താൻ ഒരു തമാശ ചെയ്തതാണ് എന്നായിരുന്നു ഇയാളുടെ വിശദീകരണം.

സംഭവം സന്ദർശകർ ചോദ്യം ചെയ്തതോടെ തങ്ങളുടെ ഒരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണ് ഇതെന്നായിരുന്നു മൃഗശാല ഉടമയുടെ മറുപടി. സന്ദർശകരെ രസിപ്പിക്കാൻ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ് ഇതൊന്നും ഉടമ ന്യായീകരിച്ചു. ഒപ്പം കഴുതകളുടെ ദേഹത്ത് തേച്ച പെയിന്റുകൾ വിഷരഹിതമാണെന്നും ഇവർ വ്യക്തമാക്കിയതായാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും വരകൾ കഴുതകളുടെ ദേഹത്ത് കൃത്യമായി വരയ്ക്കാൻ കഴിയാതെ വന്നതാണ് മൃഗശാല നടത്തിപ്പുകാർക്ക് തിരിച്ചടിയായത്. കൂടാതെ നിറങ്ങൾ പരസ്പരം ഇടകലർന്നതും ഇവർക്ക് വിനയായി. അതോടെ ഒറ്റനോട്ടത്തിൽ തന്നെ സന്ദർശകർക്ക് സംഗതി തട്ടിപ്പാണെന്നും സീബ്രകളല്ല കഴുതകളാണ് തങ്ങൾക്ക് മുൻപിലുള്ളതൊന്നും മനസിലായി.