ബൈക്കും കാറും കൂട്ടിയിടിച്ചു, കോട്ടയത്ത് 19 കാരന് കാർ യാത്രക്കാരന്റെ ക്രൂര മർദനം
കോട്ടയത്ത് 19 കാരന് കാർ യാത്രക്കാരന്റെ ക്രൂര മർദനം. ക്രൂരമായി പരുക്കേറ്റ യുവാവ് ഇടുക്കി സ്വദേശി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ ഇറങ്ങി വന്ന് വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്വകാര്യ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ് മർദ്ദനത്തിനിടയായത്. സംഭവം നടന്നത് കോട്ടയം പരുത്തുംപാറ പാറക്കുളത്താണ്. എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർത്ഥി ആഷിക് ബൈജുവിനാണ് മർദ്ദനമേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ഹോസ്റ്റലിൽ താമസിച്ചാണ് ആഷിക് പഠിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ വരും. ബൈക്കിന് പെട്രോൾ അടിക്കാനായി പരുത്തുംപാറ പാറക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു ആഷിക്ക്.
ബൈക്കിന് മുന്നിൽ പോയ ഓട്ടോ വലത്തേക്ക് വെട്ടിച്ചപ്പോൾ ഒഴിഞ്ഞു മാറിയ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഈ സമയത്ത് കാറിൽ ഉണ്ടായിരുന്നയാൾ ആഷികിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു എന്നാണ് പൊലീസ് പരാതിയിൽ പറയുന്നത്.