സമരം ചെയ്യുന്ന ആശ വർക്കർമാരോട് മുഖം തിരിച്ച് സർക്കാർ; ആരോഗ്യമന്ത്രി വിളിച്ച ചർച്ചയിലും തീരുമാനമായില്ല
തിരുവനന്തപുരം : മൂന്ന് മാസത്തെ വേതന കുടിശ്ശിക ലഭ്യമാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാരോട് മുഖം തിരിച്ച് സർക്കാർ. അഞ്ച് ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന രാപ്പകൽ സമരം അവസാനിപ്പിക്കാൻ ആരോഗ്യമന്ത്രി വിളിച്ച ചർച്ചയിലും തീരുമാനമായില്ല. ഓണറേറിയം കുടിശ്ശിക എപ്പോൾ നൽകുമെന്നതിലും, വേതനം വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യത്തിലും ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ ആകില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. സർക്കാർ വഞ്ചിച്ചെന്നും ശക്തമായി സമരം തുടരുമെന്നും നേതാക്കൾ നേതാക്കൾ പ്രതികരിച്ചു.
കൊവിഡ് കാലത്ത് അടക്കം ജനങ്ങളെ സേവിച്ച ആശാവർക്കർമാരോടാണ് സർക്കാരിന്റെ അവഗണന. ജോലി ഭാരം ഏറെയുണ്ടായിട്ടും 7000 രൂപ മാത്രമാണ് വേതനം. അതും മുടങ്ങിയ സ്ഥിതിയിലെത്തിയതോടെയാണ് ആശാ വർക്കർമാർ തലസ്ഥാനത്ത് സമരത്തിന് ഇറങ്ങിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറിലേറെ വനിതകളാണ് കേരള ആശാ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 5 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന ജോലിയ്ക്ക് വർഷങ്ങളായി കിട്ടുന്നത് പ്രതിമാസം 7000 രൂപയാണ്. അത് തന്നെ മൂന്ന് മാസമായി കുടിശ്ശികയാണ്. ഈ വേതനം കൊണ്ട് മാത്രം കഴിഞ്ഞു പോകുന്നവരാണ് സമരം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും. ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതായതോടെ സ്ഥിതി പ്രയാസകരമായതോടെയാണ് സമരത്തിനിറങ്ങിയതെന്ന് ഇവർ പറയുന്നു.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുമുള്ള ആശാ വർക്കർമാർ സമരത്തിലുണ്ട്. വർഷങ്ങൾക്ക് മുൻപ് ബജറ്റിൽ ആശവർക്കർമാരുടെ ഓണറേറിയം 7500 ആക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നുമായില്ല. വീണ്ടുമൊരു ബജറ്റ് കഴിഞ്ഞ ദിവസം വന്നെങ്കിലും അതിലും ഈ വിഭാഗത്തെക്കുറിച്ച് ഒന്നും ഉരിയാടിയിട്ടില്ല. ജോലിക്കെത്താനായി വണ്ടിക്കൂലിക്കും ആഹാരത്തിനുമായി കടം വാങ്ങേണ്ട അവസ്ഥയിലാണ് ആശാ വർക്കർമാർ.