‘ഉത്സവങ്ങള്‍ കുരുതിക്കളങ്ങളാക്കരുത്, ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെ’; ആന എഴുന്നള്ളിപ്പിനെതിരെ സ്വാമി ചിദാനന്ദപുരി
ക്ഷേത്രങ്ങളിലെ അശാസ്ത്രീയ ആനയെഴുന്നള്ളിപ്പിനെതിരെ കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെയെന്ന് ചിദാനന്ദപുരി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് വിമർശനം. ആരാധനാലയങ്ങളിലും രാഷ്ട്രീയവേദികളിലും ശബ്ദനിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്തരീക്ഷമലിനീകരണംവരുത്തുന്ന കരിമരുന്നുകളില്‍നിന്ന് മതരാഷ്ട്രീയഭേദമില്ലാതെ ഏവരും വിട്ടുനില്‍ക്കട്ടെ. ഉത്സവങ്ങള്‍ രക്തചൊരിച്ചിലുകളുടെയും ആപത്തുകളുടെയും മരണങ്ങളുടെയും വേദിയാവാതെ ഭക്തിയുടെയും ശാസ്ത്രബോധത്തിന്റെയും ചൈതന്യവര്‍ദ്ധനവിന്റെയും വേദികളാവട്ടെയെന്നും അദ്ദേഹം കുറിച്ചു.
ആശാസ്ത്രീയ ആനയെഴുന്നള്ളത്തിനെതിരേയും കരിമരുന്നു പ്രയോഗങ്ങളേയും കുറിച്ച് കഴിഞ്ഞ മൂന്നരദശകങ്ങളായി താന്‍ സംസാരിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അതിന്റെ പേരില്‍ പലപ്പോഴും ആചാരവിരുദ്ധന്‍ എന്ന വിമര്‍ശനം കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.