‘നല്ലത് ചെയ്താല്‍ നല്ലത് പറയും; ഭരിക്കുന്നവര്‍ എന്ത് ചെയ്താലും തെറ്റ് എന്ന് പറയുന്നത് ശരിയല്ല’; നിലപാടില്‍ ഉറച്ച് ശശി തരൂര്‍
കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ഉറച്ച് ശശീ തരൂര്‍ എം പി. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ മോശം ചെയ്താല്‍ ചൂണ്ടിക്കാട്ടുമെന്നും നല്ലത് ചെയ്താല്‍ നല്ലത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി അതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ഭാവിക്ക് വേണ്ടി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ വേണമെന്ന് നിരന്തരം പറയുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. കേരളം സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ 28 ാം സ്ഥാനത്തു നിന്നും ഒന്നാം സ്ഥാനത്തു എത്തിയെന്നും അതിനെ നമ്മള്‍ അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങള്‍ അംഗീകരിക്കണം. ആര്‍ട്ടിക്കിളിന്റെ അവസാനത്തെ ഭാഗം എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നാണ് പറയുന്നത്. ആര് ഭരിച്ചാലും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. മന്ത്രി പി രാജീവ് പറഞ്ഞ കാര്യങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ലേഖനം – അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനുള്ള മറുപടിയും അദ്ദേഹം നല്‍കി. വി ഡി സതീശന്‍ ആര്‍ട്ടിക്കിള്‍ വായിക്കണമെന്നും ഏതു സ്റ്റാറ്റിസ്റ്റിക്‌സ് എന്ന് വായിച്ചാല്‍ മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍ ഏറെ പിന്നില്‍ ആയിരുന്നു. എന്നാല്‍ അതില്‍ കുറേ നല്ല പോലെ മുന്നോട്ട് പോയി. എല്ലാത്തിലും രാഷ്ട്രീയം കാണരുത്. വികസനം കൂടി കാണണം. വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുക കൂടി വേണം. ഭരിക്കുന്നവര്‍ എന്ത് ചെയ്താലും തെറ്റു, ഞങ്ങള്‍ പ്രതിപക്ഷമാണ് എന്ന് പറയുന്നത് ശരിയല്ല. ലേഖനത്തോട് യോജിക്കാത്തത്തില്‍ പ്രശ്‌നമില്ല. താന്‍ പാര്‍ട്ടിയുടെ വക്താവല്ല. രാജ്യത്തിന്റെ താത്പര്യം ആണ് വലുത്. ആരു ഭരിച്ചാലും രാജ്യം മുന്നോട്ട് പോകണം – അദ്ദേഹം പറഞ്ഞു.
മോദി – ട്രംപ് കൂടിക്കാഴ്ചയിലെ അഭിപ്രായ പ്രകടനത്തിലും അദ്ദേഹം മറുപടി പറഞ്ഞു. രാജ്യ താത്പര്യം ആണ് പരിഗണിക്കേണ്ടതെന്ന് വീണ്ടും പറയുന്നുവെന്നും ഇന്ത്യയോടുള്ള താത്പര്യമാണ് അതില്‍ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.