Saturday, February 15, 2025
Latest:
SportsTop News

വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡുമായി ആദ്യ ജയം സ്വന്തമാക്കി ബംഗളുരു

Spread the love

വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മൂന്നാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന് ആവേശ വിജയം. ഗുജറാത്ത് ജയന്റ്‌സിനെ ആറ് വിക്കറ്റിനാണ് ബംഗളുരു തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മുന്നോട്ട് വെച്ച 202 വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ ബംഗളുരു മറികടന്നത് ആവേശം നിറക്കുന്നതായി. വനിത പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 200 റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്ന ആദ്യ ടീം എന്ന റെക്കോര്‍ഡും ബംഗളുരുവിന് സ്വന്തമായി.

വഡോദരയില്‍ ക്രിക്കറ്റ് ആരാധകരുടെ മനം നിറക്കുന്ന പ്രകടനമാണ് ഇരു ടീമുകളും കാഴ്ച്ച വെച്ചത്. ഇത്തവണയും കപ്പടിച്ചെ മടങ്ങുവെന്നതിനുള്ള ആദ്യ സൂചന പോലെയായിരുന്നു സ്മൃതി മന്ദാനയുടെയും കൂട്ടരുടെയും പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഗുജറാത്ത് ബംഗളുരുവിന്റെ ബൗളര്‍മാര്‍ ശരിക്കും പ്രഹരിച്ചു. ഓപ്പണറായെത്തി ബെയ്ത്ത് മൂണി അര്‍ധ സെഞ്ച്വറി നേടി. ആഷ്‌ലി ഗാര്‍നറും ഒപ്പത്തിനൊപ്പമുള്ള പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മികവിലായിരുന്നു ഗുജറാത്തിന്റെ മുന്നേറ്റം. 201 റണ്‍സെന്ന വലിയ സ്‌കോര്‍ ഗുജറാത്തിന് സ്വന്തമായി. ബാറ്റിങ്ങില്‍ 50 കടന്ന പ്രകടനത്തിന് ഒപ്പം തന്നെയായിരുന്നു ഗുജറാത്ത് ക്യാപ്റ്റന്‍ ആഷ്‌ലി ഗാര്‍നറുടെ ബൗളിങ് പ്രകടനം. ബംഗളുരു ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെയും ഡാനി ഹോഡ്ജും ഗാര്‍നറുടെ ബൗളിങ് ചൂടറിഞ്ഞു. ബംഗളുരുവിന്റെ സമര്‍ദ്ദം വര്‍ധിച്ചു വരുന്നതിനിടെ ബംഗളുരുവിന്റെ മറ്റൊരു ഓസീസ് താരം ആര്‍സിബിയുടെ രക്ഷക്കെത്തി. എല്ലിസ് പെറിയുടെ ക്ലാസിക് ബാറ്റിങ് ഗ്യാലറിയില്‍ അടിമുടി ആവേശം നിറച്ചു. എന്നാല്‍ സ്‌കോര്‍ 109-ല്‍ എത്തി നില്‍ക്കെ വെടിക്കെട്ട് തീര്‍ത്ത എല്ലിസ്‌പെറി പുറത്തായി. എന്നാല്‍ പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ റിച്ചഘോഷും കനിക അഹൂജയും ബംഗളുരുവിന് വിജയത്തേരിലെത്തിച്ചു. നാല് സിക്‌സറും ഏഴ് ബൗണ്ടറികളുമടക്കം 27 പില്‍ നിന്ന് 64 റണ്‍സുമായി റിച്ചഘോഷും നാല് ബൗണ്ടറികളടക്കം 13 പന്തില്‍ നിന്ന് 30 റണ്‍സ് നേടി കനികയും പുറത്താകാതെ നിന്നു. രണ്ട് സിക്‌സും ആറ് ബൗണ്ടറികളുമടക്കം 34 പന്തില്‍ നിന്ന് 57 റണ്‍സ് ആണ് എല്ലിസ് പെറി നേടിയത്. ബംഗളുരു നിരയില്‍ നിന്ന് രാഗ്‌വി ബിസ്തും മോശമില്ലാത്ത ബാറ്റിങ് പ്രകടനം കാഴ്ച്ച വെച്ചു. ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഗുജറാത്തിന്റെ വലിയ സ്‌കോര്‍ ബംഗളുരു മറികടന്നത്. മലയാളി താരം വിജെ ജോഷിത വിനിത ഐപിഎല്ലില്‍ ബംഗളുരുവിനായി അരങ്ങേറ്റം കുറിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ തിളങ്ങാനായില്ല.

എട്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 37 പന്തില്‍ നിന്ന് പുറത്താകാതെ 79 റണ്‍സ് എടുത്ത ആഷ്‌ലി ഗാര്‍നറും എട്ട് ബൗണ്ടറിയടക്കം 42 പന്തില്‍ നിന്ന് 56 റണ്‍സ് എടുത്ത് വിക്കറ്റ് കീപ്പര്‍ ബെയ്ത്ത് മൂണിയും ഒരു സിക്‌സും മൂന്ന് ബൗണ്ടറിയും നേടി 13 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ദേന്ദ്ര ദോത്തിനും ഗുജറാത്ത് ജയന്റ്‌സിനായി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു.