‘വസ്തുതാപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ തയാറായ ശശി തരൂരിനെ അഭിനന്ദിക്കുന്നു’ ; പിന്തുണച്ച് മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയും
കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്ന് വസ്തുതകള്‍ ഉദ്ധരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു ജനപ്രതിനിധി വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. വെറുതെ പറയുകയല്ല അത്. സ്റ്റാര്‍ട്ടപ്പുകളുടെ വികാസത്തെ കുറിച്ചാണ് അക്കമിട്ട് സൂചിപ്പിച്ചതെന്നും അദ്ദേഹം വിശദമാക്കി. കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നാടിന്റെ വികസനം ചില മേഖലകളില്‍ വലിയ തോതില്‍ ഉണ്ടായിരിക്കുന്നു. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകത്തക്ക രീതിയിലുള്ള വികസനമാണ് എന്നത് വസ്തുതകള്‍ ഉദ്ദരിച്ചുകൊണ്ട് നമ്മുടെ സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദമായി മനസിലാക്കുന്ന ഒരു ജനപ്രതിനിധി വ്യക്തമാക്കുകയുണ്ടായി. അദ്ദേഹം സാധാരണ ഒരു പ്രസംഗം നടത്തുകയല്ല ചെയ്തത്. ലോകത്ത് ഐടി രംഗത്ത് സ്റ്റാര്‍ട്ടപ്പുകളുടെ വികാസത്തിന്റെ കണക്കെടുത്താല്‍ അതിലെ ലോകത്തിന്റെ തോതിന്റെ എത്രയോ മടങ്ങ് കേരളം നേടിയിരിക്കുന്നു. അതാണ് അക്കമിട്ട് ചൂണ്ടിക്കാട്ടിയത് – മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ശശി തരൂരിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. ശശി തരൂരിന്റെ ഈ പ്രസ്താവന ഒന്നും നടക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവിന്റെയും മഴവില്‍ സഖ്യത്തിന്റെയും എല്ലാ ധാരണകളെയും പൂര്‍ണമായി മാറ്റി ഒരു പുതിയ കേരളത്തിന്റെ വളര്‍ച്ചയെ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്ന സജീവമായ ശ്രമമാണ്. അത് വസ്തുതാപരമായ കാര്യമാണ്. വസ്തുതാപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ തയാറായിട്ടുള്ള ശശി തരൂരിനെ അഭിനന്ദിക്കുന്നു – എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം, കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശശി തരൂര്‍ എം പി. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ മോശം ചെയ്താല്‍ ചൂണ്ടിക്കാട്ടുമെന്നും നല്ലത് ചെയ്താല്‍ നല്ലത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി അതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.