മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തി തരൂർ; നിലപാട് ‘വ്യക്തിപരം’; തള്ളി കോൺഗ്രസ്
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയ ശശി തരൂര്‍ എംപിയുടെ നിലപാട് തള്ളി കോൺഗ്രസ്. തരൂരിന്‍റെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും ദേശീയ വക്താവ് പവന്‍ ഖേര പറഞ്ഞു. മോദിയുടെ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്‍റിലും പുറത്തും കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുമ്പോഴാണ് തരൂരിന്‍റെ തലോടല്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അടിമുടി വിമര്‍ശിക്കുമ്പോഴായിരുന്നു തരൂരിന്‍റെ പുകഴ്തത്തല്‍. മോദിയുടെയും ട്രംപിന്‍റെയും പ്രസ്താവനകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും, വ്യാപാര മേഖലയില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നുമാണ് തരൂര്‍ പറഞ്ഞത്. അനധികൃത കുടിയേറ്റ വിഷയത്തില്‍ മോദിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് ആക്രമണം കടുപ്പിക്കുമ്പോള്‍ നിയമം ലംഘിച്ചവരെ തന്നെയാണ് തിരിച്ചയച്ചതെന്നും തിരുത്തി.
വെട്ടിലായ കോണ്‍ഗ്രസ് നേതൃത്വം തരൂരിനെ തള്ളുകയാണ്. പാര്‍ട്ടിയുടെ നിലപാടല്ലെന്നും തീരുവ അടക്കമുള്ള വിഷയങ്ങളില്‍ മോദിയെ ഇരുത്തി വിരട്ടിയ ട്രംപിന്‍റെ നയത്തോട് എങ്ങനെ യോജിക്കാനാകുമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു. തരൂരിന്‍റെ പ്രസ്താവനക്ക് പിന്നാലെ മോദി നയങ്ങൾക്കുള്ള അംഗീകാരമെന്ന വലിയ പ്രചാരണം ബിജെപി സമൂഹമാധ്യമങ്ങളില്‍ സജീവമാക്കിയിട്ടുണ്ട്. വിദേശകാര്യ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു ഗ്രാഹ്യവുമില്ലെന്നും തരൂരിനെയല്ല താന്‍ ഉദ്ദേശിച്ചതെന്നുമുള്ള പാര്‍ലമെന്‍റിലെ പ്രധാനമന്ത്രി ഈയിടെ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു.
അതേ സമയം കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂര്‍ അടുത്തിടെ കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത് മുതലിങ്ങോട്ട് തരൂരിന്‍റെ നീക്കങ്ങളെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. പ്രവർത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത് പോലും സമ്മര്‍ദ്ദത്തിന്‍റെ ഫലമായായിരുന്നു.