കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക്
കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക്. ഈ മാസം 21 വരെ ജില്ലയിൽ ആനകളെ എഴുന്നള്ളിക്കരുത്. മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിന് പിന്നാലെ ചേർന്ന യോഗത്തിലാണ് തീരുമാനം. എഡിഎമ്മിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷൻ ഇല്ലാത്ത ക്ഷേത്രങ്ങൾ ആന എഴുന്നള്ളിപ്പ് നടത്തരുതെന്ന് നിർദേശം.
ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷൻ ഇല്ലാത്ത ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് നടത്തിയാൽ ക്ഷേത്രത്തിൽ നിന്ന് ആനയെ നിരോധിക്കാനും തീരുമാനം. മണക്കുളങ്ങര ക്ഷേത്രത്തിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷൻ ഉണ്ടായിരുന്നു ഇത് റദ്ദാക്കാൻ യോഗത്തിൽ തീരുമാനിച്ചു. നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് വനം വകുപ്പിന്റെ റിപ്പോർട്ടുണ്ടായിരുന്നു. തുടർച്ചയായ വെടികെട്ടിന്റെ ആഘാതത്തിലാണ് ആന ഇടഞ്ഞതെന്ന് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട്.
ക്ഷേത്രത്തിൽ ആനയിടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം നൽകി. വനം വകുപ്പിനോടും വിശദീകരണം തേടി. ദേവസ്വം ലൈവ് സ്റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നേരിട്ട് ഹാജരായി വിശദീകരണം നൽകണം. ആനയുടെ ഭക്ഷണ, യാത്ര റജിസ്റ്ററുകളടക്കമുള്ള രേഖകൾ ഹാജരാക്കണമെന്നും നിർദേശം നൽകി.