പഞ്ചതന്ത്രകഥകളും ആര്‍ കെ നാരായണന്റെയും ടാഗോറിന്റെയും പുസ്തകങ്ങളും; മസ്‌കിന്റെ മക്കള്‍ക്ക് മോദിയുടെ സമ്മാനം
പ്രധാനമന്ത്രി നരേന്ദ്രമോദിയും ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്കും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ഒരു കുടുംബയോഗത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു. മസ്‌കിന്റെ കുട്ടികള്‍ക്ക് പഞ്ചതന്ത്രകഥകളും ആര്‍ കെ നാരായണന്റെ കഥകളും ടാഗോറിന്റെ ദ ക്രെസന്റ് മൂണുമാണ് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്.
പ്രധാനമന്ത്രിയെ കാണാന്‍ തന്റെ മൂന്നു കുഞ്ഞുങ്ങള്‍ക്കും ഗേള്‍ഫ്രണ്ട് ഷിവോണ്‍ സിലിസിനുമൊപ്പമാണ് ശതകോടീശ്വരനും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റല്‍ എഫിഷ്യന്‍സി മേധാവിയുമായ ഇലോണ്‍ മസ്‌ക്ക് ബ്ലെയര്‍ ഹൗസില്‍ എത്തിയത്. മസ്‌ക്കിന്റെ ന്യൂറോ ടെക്നോളജി കമ്പനിയായ ന്യൂറാലിങ്കിന്റെ ഡയറക്ടറാണ് ഷിവോണ്‍ സിലിസ്. അപൂര്‍വമായി മാത്രമേ ഷിവോണ്‍ സിലിസ് മസ്‌ക്കിനൊപ്പം പ്രത്യക്ഷപ്പെടാറുള്ളു. കാനഡയില്‍ ജനിച്ച ഷിവോണിന്റെ അമ്മ ശാരദ പഞ്ചാബിയും അച്ഛന്‍ റിച്ചാര്‍ഡ് സിലിസ് കനേഡിയനുമാണ്. മോദിയെ കാണാന്‍ ഷിവോണിനെയും മസ്‌ക്ക് കൂട്ടിയത് ആ ഇന്ത്യന്‍ ബന്ധം കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മസ്‌കിന്റെയും ഷിവോണിന്റെയും ഇരട്ടക്കുട്ടികളായ നാലു വയസ്സുകാരായ അഷ്വറും സ്ട്രൈഡറും ലില്‍ എക്സ് എന്ന ഏറ്റവും ഇളയവനുമാണ് മോദിയെ കാണാനെത്തിയത്.
മസ്‌കും മോദിയും തമ്മില്‍ ലോകകാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അവര്‍ക്കു മുന്നിലിരുന്ന് ലില്‍ എക്സും അഷ്വറും മോദി സമ്മാനിച്ച പുസ്തകങ്ങളിലെ ചിത്രങ്ങള്‍ നോക്കുകയായിരുന്നു. പിരിയും മുമ്പ് ഇലോണ്‍ മസ്‌ക് മോദിക്ക് ഒരു സമ്മാനവും നല്‍കി. സ്റ്റാര്‍ഷിപ്പിലെ ഹീറ്റ് ഷീല്‍ഡ് ടൈലാണ് അതെന്നാണ് റിപ്പോര്‍ട്ടുകള്‍.