KeralaTop News

ബിഷപ്പുമാർക്കെതിരായ പ്രസ്താവന അപലപനീയം; നിഷ്ക്രിയനായ വനം മന്ത്രി രാജിവെക്കണമെന്നത് ജനകീയ ആവശ്യം’; സീറോ മലബാർ സഭ

Spread the love

ബിഷപ്പുമാർക്ക് എതിരായ വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ സീറോ മലബാർ സഭ. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നിർജീവമായിരിക്കുന്ന വനം വകുപ്പിനെതിരെയും ഗുരുതരമായ ഈ പ്രശ്നത്തിന് യാതൊരു പരിഹാരവും കാണാത്ത മന്ത്രിക്കെതിരെയും ശബ്ദിക്കാതിരിക്കാനാവില്ല. നിഷ്ക്രിയനായ വനംമന്ത്രി രാജിവെക്കണമെന്നത് രാഷ്ട്രീയ ആവശ്യമല്ല, ജനകീയ ആവശ്യമാണെന്നും സീറോ മലബാർസഭ.

വനംമന്ത്രി ബിഷപ്പുമാർക്കെതിരെ നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് സീറോ മലബാർസഭ. മനുഷ്യജീവനുവേണ്ടി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നവരാണ് ബിഷപ്പുമാരെന്ന ധാരണ വനം മന്ത്രിക്കുണ്ടായാൽ നന്ന് എന്ന് സീറോ മലബാർസഭ വ്യക്തമാക്കി. വന്യജീവി ആക്രമണം തടയാൻ നടപടികൾ സ്വീകരിക്കാത്ത സർക്കാരും വനം മന്ത്രിയും രാജിവയ്ക്കണമെന്ന് ബിഷപ്പുമാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഈ ആവശ്യത്തോട് പ്രതികരിച്ച മന്ത്രി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

രാജി ആവശ്യപ്പെട്ടത് രാഷ്ട്രീയ പരാമർശമാണെന്ന് സംശയമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. രാജി വെച്ചാൽ പ്രശ്‌ന പരിഹാരം ആകുമോ എന്ന് ചോദിച്ച വനം മന്ത്രി എ കെ ശശീന്ദ്രൻ, രാജി ആവശ്യം രാഷ്ട്രീയമെന്ന് തിരിച്ചടിച്ചിരുന്നു. ബിഷപ്പുമാർ നല്ല രീതിയിൽ സംസാരിക്കുന്നവരാണോ എന്ന് ചില സമയങ്ങളിൽ സംശയം എന്നും വനംമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വന്യജീവി ആക്രമണം വർധിക്കുന്നത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന പ്രതിപക്ഷ ആരോപണത്തെ മൂർച്ചകൂട്ടി ഏറ്റെടുക്കുന്നതായിരുന്നു സീറോ മലബാർ സഭ നേതൃത്വത്തിന്റെ രാജി ആവശ്യം. വന്യജീവി ആക്രമണം തടയാൻ നടപടികൾ സ്വീകരിക്കാത്ത സർക്കാരും വനം മന്ത്രിയും രാജിവയ്ക്കണമെന്ന് താമരശേരി- കാഞ്ഞിരപ്പള്ളി ബിഷപ്പുമാർ ആവശ്യപ്പെട്ടിരുന്നു.