KeralaTop News

തുടര്‍ച്ചയായി കരിമരുന്ന് പ്രയോഗം; 2 ആനകള്‍ മുന്നോട്ട് നീങ്ങുന്നതിനിടെ ഒന്ന് മറ്റൊന്നിനെ കുത്തി; മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന്റെ ദൃശ്യങ്ങള്‍

Spread the love

കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യം . തുടര്‍ച്ചയായി കരിമരുന് പ്രയോഗം നടക്കുന്നതിന്റെ ശബ്ദം ദൃശ്യങ്ങളിലുണ്ട്. രണ്ട് ആനകള്‍ മുന്നോട്ട് നീങ്ങുന്നതിനിടെ ഒരാന മറ്റൊന്നിനെ കുത്തുകയായിരുന്നു. ശബ്ദം കേട്ട് കുട്ടികള്‍ ഉള്‍പ്പെടെ കരയുന്നു. പിന്നാലെ ജനങ്ങള്‍ ചിതറിയോടി.

സംഭവത്തില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വനം റവന്യൂ വകുപ്പുകള്‍ ആണ് അന്വേഷണം നടത്തിയത്. സമാന്തരമായി പൊലീസും അന്വേഷണം നടത്തുന്നുണ്ട്. വെടിമരുന്ന് പൊട്ടിച്ചതിനു പിന്നാലെയാണ് ആനകള്‍ ഇടഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരിച്ച മൂന്നു പേരുടേയും പോസ്റ്റുമോര്‍ട്ടം നടപടി രാവിലെ എട്ടുമണിയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. 29 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കൊയിലാണ്ടി നഗരസഭയിലെ 9 വാര്‍ഡുകളില്‍ ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ വൈകുന്നേരം ആറുമണിയ്ക്കാണ് ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞത്.

കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. ബാലുശ്ശേരി ധനഞ്ജയന്‍ എന്ന ആന ആണിടഞ്ഞത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോകുല്‍ എന്ന ആനയെ ആണ് കുത്തിയത്. ഇടഞ്ഞ ആനകള്‍ ഓടിക്കയറിയത് തൊട്ടടുത്തുള്ള കെട്ടിടത്തിനുള്ളിലേക്കായിരുന്നു. കെട്ടിടം തകര്‍ന്ന് വീണാണ് 3 പേര്‍ മരിച്ചത്. ആയിരത്തില്‍ അധികം ആളുകള്‍ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു.

അതേസമയം, ഉത്സവകാലത്തെ ആന എഴുന്നള്ളിപ്പില്‍ നാട്ടാനച്ചട്ടം പാലിക്കുന്നുണ്ടോ എന്ന് കര്‍ശനമായി ഉറപ്പുവരുത്താന്‍ വനം വകുപ്പ്. ആന എഴുന്നള്ളത്ത് ഉള്ള സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ആചാരങ്ങളുടെ പേരില്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച നല്‍കേണ്ടെന്നാണ് നിര്‍ദ്ദേശം.