KeralaTop News

‘പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം; മാനസികമായി പീഡിപ്പിച്ചു’ ; കുറ്റിച്ചലില്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്‌കൂളിലെ ക്ലര്‍ക്കിനെതിരെ കുടുംബം

Spread the love

തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്‌കൂളിലെ ക്ലര്‍ക്കിനെതിരെ ആരോപണവുമായി കുടുംബം. ക്ലര്‍ക്ക് മാനസികമായി പീഡിപ്പിച്ചെന്നും, പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായെന്നും അമ്മാവന്‍ സതീശന്‍ പറഞ്ഞു. RDO ക്ക് മുന്നിലാണ് കുടുംബം ആരോപണം ഉന്നയിച്ചത്.

സ്‌കൂളിലെ ഒരു ക്ലര്‍ക്കിന്റെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് എന്റെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടതാണ്. പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. അത് സബ്മിറ്റ് ചെയ്യാന്‍ സ്‌കൂളിന്റെ സീല്‍ വേണമെന്ന് പറഞ്ഞു. കുട്ടികള്‍ ഓഫീസിലേക്ക് ചെന്ന് സീല്‍ ചെയ്തു നല്‍കാന്‍ ഈ ക്ലര്‍ക്കിനോട് പറയുന്നു. കുട്ടികളെ അവഗണിക്കുന്ന രീതിയില്‍ പെരുമാറുകയായിരുന്നു. കൂടാതെ കുട്ടിയെ ചീത്തവിളിക്കുകയും ചെയ്തു. ഈ ക്ലര്‍ക്ക് മാത്രമല്ല, സ്‌കൂളിലെ പല അധ്യാപകരും കുട്ടിയെ ബുദ്ധിമുട്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുന്‍പ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട് – കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. വാക്ക് തര്‍ക്കമുണ്ടായതിന് പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ ഇടപെടുകയും അടുത്ത ദിവസം രക്ഷകര്‍ത്താക്കളെ സ്‌കൂളില്‍ വിളിച്ചുകൊണ്ടു വരണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇത് രക്ഷകര്‍ത്താവിനെ അറിയിക്കുകയും ചെയ്തു. ഇത് വീട്ടുകാര്‍ ചോദ്യം ചെയ്യുകയും ചെറിയ രീതിയില്‍ കുട്ടിയെ വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമവും ബെന്‍സണ്‍ ഉണ്ടായിരുന്നു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുകയും ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.

ആരോപണങ്ങള്‍ പൊലീസ് പരിശോധിക്കുമെന്ന് സ്‌കൂളിലെത്തിയ ജി സ്റ്റീഫന്‍ എംഎല്‍എ പറഞ്ഞു. ക്ലാര്‍ക്കും വിദ്യാര്‍ത്ഥിയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അത് വിദ്യാര്‍ത്ഥി തന്നെ തന്നോട് പറഞ്ഞതാണെന്നും പ്രിന്‍സിപ്പലും വ്യക്തമാക്കി.
കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെ ആണ് സ്‌കൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് . കുട്ടിയെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.