മോദി വളരെക്കാലമായി തന്റെ സുഹൃത്തെന്ന് ട്രംപ്; സുപ്രധാന തീരുമാനങ്ങളുമായി മോദി-ട്രംപ് കൂടിക്കാഴ്ച
സുപ്രധാന തീരുമാനങ്ങളുമായി മോദി-ട്രംപ് കൂടിക്കാഴ്ച. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ പാക് വംശജന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അനധികൃത കുടിയേറ്റം തടയാന്‍ അമേരിക്കയെ സഹായിക്കുമെന്നും നരേന്ദ്രമോദി. സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രസ്താവന.
മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ യുഎസ് സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. കൂടിക്കാഴ്ചയിലെ സുപ്രധാന തീരുമാനമായി ട്രംപ് ഇത് പ്രഖ്യാപിക്കുകയായിരുന്നു. കൈമാറ്റ തീരുമാനത്തിന് നരേന്ദ്രമോദി നന്ദി അറിയിച്ചു.
അമേരിക്കയിലെ അനധികൃത കുടിയേറ്റ വിഷയത്തിലും ഇന്ത്യ നിലപാട് വ്യക്തമാക്കി. കുടിയേറ്റക്കാരെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുപോകും. അതിര്‍ത്തി കടന്നുള്ള തീവ്രവാദം എല്ലാകാലത്തും ഭീഷണിയെന്ന് ട്രംപ് പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈന്‍ – റഷ്യ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് കൃത്യമായ പക്ഷമുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു. അത് ശാന്തിയുടെ പക്ഷമാണ്. അമേരിയ്ക്ക നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് എന്നും പിന്തുണയുണ്ടാകും. യുദ്ധകാലമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനോട് പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന് താന്‍ വിശ്വസിയ്ക്കുന്നു. രാജ്യ താല്‍പര്യത്തിനാണ് മുന്‍ഗണനയെന്നും – നരേന്ദ്രമോദി വിശദമാക്കി.
മോദി മികച്ച നേതാവെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മോദി ഇന്ത്യയ്ക്കായി മികച്ച കാര്യങ്ങള്‍ ചെയ്യുന്നു. ഇന്ത്യയുമായി എന്നും മികച്ച ബന്ധം. ഒരുമിച്ച് നില്‍ക്കേണ്ടത് അനിവാര്യം. ഇന്ത്യുമായി മികച്ച വ്യാപാര കരാറുകളുണ്ടാകുമെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. തന്റെ ദീര്‍ഘകാലമായുള്ള സുഹൃത്ത് എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്. ട്രംപിനെ കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ഇന്ത്യക്കാര്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.
സെറിമോണിയല്‍ ഗാര്‍ഡ് പരേഡോടെയായിരുന്നു നരേന്ദ്രമോദിയ്ക്ക് വൈറ്റ് ഹൗസില്‍ സ്വീകരണമൊരുക്കിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനയ് മോഹന്‍ ക്വത്ര എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.