46 ദിവസത്തിന് ശേഷം വീട്ടിലേക്ക്; ഉമാ തോമസ് ആശുപത്രി വിട്ടു
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ താത്കാലിക സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസ് ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് എംഎൽഎ വീട്ടിലേക്ക് മടങ്ങുന്നത്. ഡിസംബർ 29 ന് കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ വാരിയെല്ല് പൊട്ടുകയും. തലച്ചോറിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് കാരണം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 15 അടി ഉയരത്തിലുള്ള വേദിയിൽ നിന്നായിരുന്നു വീണത്. 46 ദിവസം തന്നെ നന്നായി പരിചരിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഉമാ തോമസ് നന്ദി അറിയിച്ചിരുന്നു. കുറച്ച് ആഴ്ചകൾ കൂടി വിശ്രമം ആവശ്യമാണെന്ന് ഡോക്ടേഴ്‌സ് നിർദേശിച്ചിട്ടുണ്ടെന്നും ഉമ തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 നർത്തകർ ചേർന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമാ തോമസ് അശാസ്ത്രീയമായി നിർമിച്ച സ്‌റ്റേജിൽ നിന്നും പതിനഞ്ച് അടി താഴെയുള്ള കോൺക്രീറ്റ് സ്ലാബിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്.