KeralaTop News

കോട്ടയം നഴ്സിങ് കോളജ് റാ​ഗിങ്; ‘വിദ്യാർത്ഥികൾ ആരും പരാതി പറഞ്ഞിരുന്നില്ല’; മാതൃകപരമായ ശിക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ

Spread the love

കോട്ടയം സർക്കാർ നഴ്‌സിങ് കോളജിലെ റാ​ഗിങ് പരാതിയിൽ പ്രതികരിച്ച് പ്രിൻസിപ്പൽ ഡോ. സുലേഖ എ.ടി. വിദ്യാർത്ഥികൾ ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. മൂന്ന് മാസത്തിനിടെ പല തവണ ആൻ്റി റാഗിംങ് സ്കാസ് പരാതികൾ ഉണ്ടോ എന്ന് ചോദിച്ചിരുന്നു. ഹോസ്റ്റലിൽ ഉണ്ടായിരുന്ന കെയർ ടേക്കർ ശബ്ദം ഒന്നും കേട്ടില്ലെന്നാണ് പറഞ്ഞതെന്ന് പ്രിൻസിപ്പൽ പറയുന്നു.

പ്രാഥമിക നടപടിയായിട്ടാണ് സസ്പെൻഡ് ചെയ്തതെന്നും തുടർ നടപടികൾ ഉണ്ടാകുമെന്നും കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി. വിദ്യാർത്ഥികൾ പരാതി പറയാതിരുന്നത് ഭീഷണി ഭയന്നാകും. മാതൃകപരമായ ശിക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പിടിഎ എക്സിക്യൂട്ടീവ് ചേർന്നുവെന്നും മെഡിക്കൽ എഡ്യുകേഷന് റിപ്പോർട്ട് നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കോട്ടയം സർക്കാർ നഴ്‌സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടികളുടെ ശരീരത്തിൽ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവിൽ ബോഡി ലോഷൻ ഒഴിച്ച് കൂടുതൽ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.

കട്ടിലിൽ തുണി കൊണ്ട് ശക്തിയായി കാലുകൾ ബന്ധിച്ചതിനാൽ തന്നെ കുട്ടിയുടെ കാലുകൾ മുറിഞ്ഞ് ചോരയൊലിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. വിദ്യാർത്ഥിയുടെ ശരീരത്തിൽ ഒന്നിലേറെ പേർ ചേർന്ന് കോമ്പസ് കുത്തിയിറക്കി വൃത്തം വരയ്ക്കുകയും ചെയ്തു. വേദന കൊണ്ട് വിദ്യാർത്ഥി കരഞ്ഞപ്പോൾ ചില സീനിയേഴ്‌സ് വായിലേക്കും ചോരയൊലിക്കുന്ന ഭാഗങ്ങളിലേക്കും ബോഡി ലോഷൻ ഒഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും.