NationalTop News

വഖഫ് നിയമ ഭേദഗതി ബില്‍: ജെപിസി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; പ്രതിഷേധിച്ച് പ്രതിപക്ഷം

Spread the love

വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം. രാജ്യസഭയില്‍ ബിജെപി അംഗം മേധ കുല്‍ക്കര്‍ണി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രതിപക്ഷ ബഹളത്തിനിടെയാണ് അംഗീകരിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പുകള്‍ പോലും ഒഴിവാക്കിയ റിപ്പോര്‍ട്ട് ഭരണഘടന വിരുദ്ധം എന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവെച്ചിരുന്നു.പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ, റിപ്പോര്‍ട്ടില്‍ വിയോജനക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തുന്നതില്‍ ബിജെപിക്ക് എതിര്‍പ്പ് ഇല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

ഇത്രയും വിശാലമായി തെളിവുകള്‍ ശേഖരിച്ച ജെപിസി ചരിത്രത്തില്‍ ആദ്യമെന്നാണ് വഖഫ് ജെ പി സി അധ്യക്ഷന്‍ ജഗദംപികപാല്‍ ട്വന്റിഫോറിനോട് പ്രതികരിച്ചത്. റിപ്പോര്‍ട്ടില്‍ ആക്ഷേപമുള്ള അംഗങ്ങളും സമിതിയില്‍ ഉണ്ടെന്നും സമിതി പ്രവര്‍ത്തിച്ചത് എല്ലാ ചട്ടങ്ങളും പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭേദഗതികളും വോട്ടിനിട്ട് ഭൂരിപക്ഷത്തോടെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. 12 അംഗങ്ങള്‍ വിയോജനക്കുറിപ്പുകള്‍ നല്‍കിയിട്ടുണ്ട്. വിയോജനക്കുറിപ്പുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.സമിതിക്ക് പുറത്തുനിന്നുള്ളവരുടെ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.

വഖഫ് ജെപിസി എംപിമാരുടെ വിയോജന കുറിപ്പുകള്‍ ഒഴിവാക്കിയെന്നും പുറത്തുനിന്നുള്ള ആളുകളുടെ അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തുവെന്നും നടപടി അപലപനീയമെന്നുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയത്. ഭരണഘടനാ വിരുദ്ധമാണ് നടപടിയെന്നും റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മൊത്തം 40 ഭേദഗതികളുമായാണ് വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിയത്. ബില്ലിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിഷേധബഹളങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ച് ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബില്‍ അംഗീകരിച്ചത്.