കോര്‍പ്പറേറ്റുകളുടെ കൈക്കൂലി കേസുകളില്‍ വിചാരണ തടഞ്ഞ് ഡോണള്‍ഡ് ട്രംപ്; അദാനിക്കും ആശ്വാസം
വിദേശ സര്‍ക്കാരുകള്‍ക്ക് കൈക്കൂലി നല്കിയ കേസുകളില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ്. യുഎസ് പൗരന്മാര്ക്കാണ് നേരിട്ട് ബാധകമെങ്കിലും ട്രംപിന്റെ തീരുമാനം, ഇന്ത്യന്‍ വ്യവസായ പ്രമുഖരായ അദാനി ഗ്രൂപ്പിനും ആശ്വാസമാകും.
അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അദാനി ഗ്രീന്‍ എനര്‍ജിക്കും മറ്റൊരു കമ്പനിക്കും 12 ജിഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിലെ നിക്ഷേപകരെ വഞ്ചിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പിന് എതിരെ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി കേസെടുത്തത്. ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനി, കമ്പനിയുടെ സിഇഒ വിനീത് ജെയ്ന്‍, യുഎസ് കമ്പനിയായ അസ്യൂര്‍ പവര്‍ ഗ്ലോബലിന്റെ മുന്‍ എക്സിക്യുട്ടീവുമാരായ രഞ്ജിത് ഗുപ്ത, രൂപേഷ് അഗര്‍വാള്‍, കനേഡിയന്‍ നിക്ഷേപകരായ സിറിള്‍ കബേയ്ന്‍സ്, സൗരഭ് അഗര്‍വാള്‍, ദീപക് മല്‍ഹോത്ര എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്.
ട്രംപിന്റെ പുതിയ ഉത്തരവ് അദാനിക്കെതിരായ കേസിലെ നടപടികളെയും ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 1977-ലെ ഫോറിന് കറപ്റ്റ് പ്രാക്ടീസസ് ആക്ട് (എഫ്സിപിഎ) പ്രകാരമുള്ള നടപടികള്‍ നിര്‍ത്തിവെക്കാനാണ് ഉത്തരവില്‍ പറയുന്നത്. അമേരിക്കയുടെ മത്സരക്ഷമതയെ പ്രോത്സാഹിപ്പിക്കും വിധം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. ഭാവിയില്‍ എഫ്സിപിഎ പ്രകാരമുള്ള കേസുകളിലെ നടപടികള്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മറ്റ് രാജ്യത്തെ കമ്പനികള്‍ സര്‍വസാധാരണമായി ചെയ്യുന്ന കാര്യങ്ങള്‍ പോലും അമേരിക്കന്‍ കമ്പനികള്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് വൈറ്റ് ഹൗസിന്റെ വിചിത്ര ന്യായീകരണം. ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയാണ് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയത്.
പുതിയ നയം, അദാനി ഗ്രൂപ്പിനും സൗരോര്‍ജ പദ്ധതിയില്‍ പങ്കാളിയായ അസൂര്‍ പവറനും ഗുണം ചെയ്യും. ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കി.