‘ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണം, ഇല്ലെങ്കില്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിക്കും’; മുന്നറിയിപ്പുമായി നെതന്യാഹു
ഹമാസ് തടങ്കലിലുള്ള ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദി കൈമാറ്റം നീട്ടി വച്ചാല്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ച് ഗസയില്‍ ആക്രമണം പുനരാരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. എക്സിലൂടെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒമ്പത് പേരെ വിട്ടയ്ക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.
വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇസ്രയേല്‍ ആക്രമണം നടത്തുന്നതായി ആരോപിച്ച് കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം ഹമാസ് നീട്ടിവച്ചതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ബന്ദി കൈമാറ്റം നീട്ടി വച്ചാല്‍ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുന്നത് വരെ അത് തുടരുമെന്നാണ് ഭീഷണി.
വൈറ്റ്ഹൗസില്‍ ജോര്‍ദന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് ബന്ദികളെ വിട്ടയച്ചിരിക്കണം എന്ന ഹമാസിനുള്ള ഭീഷണി ഇന്നലെ ട്രംപ് വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. ഗസ്സയില്‍ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ജോര്‍ദ്ദാന്‍ രാജാവ് രംഗത്തെത്തുകയും ചെയ്തു. വൈറ്റ്ഹൗസില്‍ ട്രംപുമായുള്ള കൂടികാഴ്ചക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് തന്ത്രപൂര്‍വം വഴുതി മാറുകയും ചെയ്തു. ഗസ്സ അമേരിക്ക ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം ഡോണള്‍ഡ് ട്രംപ് മയപ്പെടുത്തുന്നുമില്ല.