യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശം; റൺവീർ അലഹബാദിക്ക് കുരുക്കു മുറുകുന്നു; അസമിലും കേസ്
യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശത്തിൽ യൂട്യൂബർ റൺവീർ അലഹബാദിക്ക് കുരുക്കു മുറുകുന്നു. മുംബൈ പൊലീസിന് പിന്നാലെ അസമിലും കേസെടുത്തു. കൂടുതൽ സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. മുംബൈ പൊലീസിന് പരാതി നൽകിയവരിൽ രാഹുൽ ഈശ്വറും ഉണ്ട്. റൺവീറിനൊപ്പം ഷോയിൽ പങ്കെടുത്ത നാലുപേരെ കൂടി പ്രതി ചേർത്തു.
പ്രമുഖ സ്റ്റാന്റപ്പ് കൊമേഡിയനായ സമയ് റെയ്‌നയുടെ യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിനിടെയായിരുന്നു ബിയർബൈസെപ്‌സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ താരമായ ഇയാളുടെ പരാമർശം. മാതാപിതാക്കളുടെ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട അശ്ലീല പരാമർശത്തിനെതിരെയാണ് വ്യാപക വിമർശനം ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് രൺവീർ രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി മോദിയുടെ നാഷണൽ ഇൻഫ്യൂവെൻസർ അവാർഡ് ലഭിച്ചയാളാണ് ഇദ്ദേഹം. ഡിസ്ട്രപ്റ്റർ ഓഫ് ദി ഇയർ എന്ന പുരസ്‌കാരമാണ് രൺവീറിന് ലഭിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങളായ അപൂർവ മഖീജ, ആശിഷ് ചൻചലാനി, ജസ്പ്രീത് സിങ് എന്നിവരായിരുന്നു രൺവീറിനൊപ്പം പരിപാടിയിൽ ഉണ്ടായിരുന്ന മറ്റുള്ളവർ. പരിപാടിക്കിടെ ഒരു മത്സരാർത്ഥിയോട് രൺവീർ വിവാദമായ ചോദ്യം ചോദിക്കുകയായിരുന്നു.
രാഹുൽ ഈശ്വറിന് പുറമേ മുംബൈയിലെ രണ്ട് അഭിഭാഷകരും വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷനും മുംബൈ പൊലീസ് കമ്മീഷണർക്കും ഇവർ കത്ത് നൽകിയിട്ടുണ്ട്.