‘വന്യജീവി ആക്രമണങ്ങൾക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാനാകില്ല; എല്ലായിടത്തും ക്യാമറവെച്ച് നിരീക്ഷിക്കാനാകില്ല’; മന്ത്രി എകെ ശശീന്ദ്രൻ
സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളിൽ കൈ മലർത്തി വനംമന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണങ്ങൾക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. എല്ലായിടത്തും ക്യാമറ വെച്ചു നിരീക്ഷിക്കാനാകില്ല. മാൻപവർ കൂടി ഉപയോഗിച്ച് മാത്രമേ വന്യ ജീവികളെ സ്പോട്ട് ചെയ്യാനാകുവെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
വന്യ ജീവികളെ നിലവിൽ വെടി വയ്ക്കാൻ ഉത്തരവിടാൻ കാലതാമസം ഉണ്ടാകാറില്ല. വന്യ ജീവി ആക്രമണം എന്നത്തേക്ക് പൂർണമായി തടയാൻ കഴിയുമെന്ന് പറയാൻ ആകില്ല. ബജറ്റ് ഫണ്ടും, നബാർഡിന്റെ ലോണും ഉപയോഗിച്ച് പരമാവധി ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസങ്ങളിലായി കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. ഇടുക്കിയിലും വയനാട്ടിലുമാണ് കാട്ടാന ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടത്.
ഇടുക്കിയിൽ ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് 45കാരിയായ സോഫിയയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. പുഴയിൽ കുളിക്കാൻ പോകുന്നതിനിടെയായിരുന്നു കാട്ടാനയുടം ആക്രമണം ഉണ്ടായത്. ഇന്ന് വയനാട് നൂൽപ്പുഴയിലാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്.