KeralaTop News

സമവായ ചർച്ചയ്ക്കിരുന്ന റെയിൽവെയും കെ റെയിലും തമ്മിൽ അതിരൂക്ഷ വാക്പോര്; സിൽവർലൈൻ വേഗവും ഗേജും ചൊല്ലി തർക്കം

Spread the love

തിരുവനന്തപുരം: സിൽവർ ലൈനിൽ സമവായം ഉണ്ടാക്കാനായി കെ റെയിലും റെയിൽവേയുമായി നടന്ന ചർച്ചയിൽ ഉണ്ടായത് രൂക്ഷമായ തർക്കം. ഡിസംബർ ആറിന് ദക്ഷിണ റയിൽവെ ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസറും കെ റയിൽ അധികൃതരും നടത്തിയ ചര്‍ച്ചയാണ് രൂക്ഷമായ വാക്കുതർക്കത്തിലേക്ക് നീങ്ങിയതെന്ന് യോഗത്തിൻ്റെ മിനുട്‌സ് വ്യക്തമാക്കുന്നു. ഈ ചർച്ച ഉടക്കിപ്പിരിഞ്ഞതോടെ ആണ് സിൽവര്‍ ലൈനിൽ സുപ്രധാനവിഷയങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് റയിൽവെയെ കെ റയിൽ അറിയിച്ചത്.

സിൽവ‍ർ ലൈൻ പദ്ധതി യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ച‍ർച്ച നടത്തിയത്. ഗേജ്, വേഗം എന്നിവ സംബന്ധിച്ചാണ് രൂക്ഷമായ തർക്കം യോഗത്തിൽ ഉണ്ടായത്. റെയിൽ ‌ലൈനിൽ രണ്ട് പാളങ്ങൾ തമ്മിലുള്ള അകലമാണ് ‘ഗേജ്’ എന്ന് അറിയപ്പെടുന്നത്. 1435 സെൻ്റിമീറ്റ‍ർ അകലമുള്ളതാണ് സ്റ്റാൻ്റേർഡ് ഗേജ്. ബ്രോഡ് ഗേജിൽ പാള‌ങ്ങൾ‌ക്കിടയിലെ അകലം 1.676 മീറ്റർ അഥവാ 1676 സെൻ്റിമീറ്ററാണ്. സിൽവർ ലൈൻ പദ്ധതിക്കായി സ്റ്റാൻ്റേർഡ് ഗേജാണ് വിഭാവനം ചെയ്തിരിക്കുന്നത്. റെയിൽവെയുടെ ലൈനുകൾ ഭൂരിഭാഗവും ബ്രോഡ് ഗേജാണ്. റെയിൽവെയുമായി ബന്ധിപ്പിച്ച് മാത്രമേ സിൽവർ ലൈൻ നടപ്പാക്കാവൂ എന്നാണ് റെയിൽവെയുടെ നിലപാട്.

ബുള്ളറ്റ് ട്രെയിന് മാത്രമാണ് സ്റ്റാൻ്റേർഡ് ഗേജ് അനുവദിക്കുന്നതെന്നും അതിനാൽ ബ്രോഡ‍് ഗേജിൽ തന്നെ വേണം പദ്ധതിയെന്നും യോഗത്തിൽ റെയിൽവെ നിലപാടെടുത്തു. ഈ നിലപാടിനെ പൂർണമായി കെ റെയിൽ എതിർത്തു. സ്റ്റാൻ്റേർഡ് ഗേജിലാകാമെന്ന് തത്വത്തിൽ റെയിൽവെ ബോ‍ർഡ് നേരത്തെ വ്യക്തമാക്കിയതാണെന്നും ബ്രോഡ് ഗേജിലേക്ക് മാറാനാവില്ലെന്നും യോഗത്തിൽ കെ റെയിൽ വ്യക്തമാക്കി. എന്നാൽ അനുമതി നൽകിയവർക്ക് തന്നെ അത് മാറ്റാനും കഴിയുമെന്നായിരുന്നു ഇതിന് റെയിൽവെയുടെ ഭാഗത്ത് നിന്ന് ലഭിച്ച മറുപടി.

200 കിലോമീറ്റ‍ർ വേഗത്തിലാണ് സിൽവർ ലൈൻ വിഭാവനം ചെയ്തത്. എന്നാൽ 180 കിലോമീറ്റർ പരമാവധി വേഗം മാത്രമേ അനുവദിക്കാനാവൂ എന്നും 160 കിലോമീറ്റ‍ വേഗത്തിൽ വന്ദേ ഭാരത്, ചരക്ക് ട്രെയിനുകൾക്കും പോകാനാവുന്ന നിലയിൽ വേഗതയും നിയന്ത്രിക്കണമെന്ന് റെയിൽവെ നിലപാടെടുത്തു. ഇപ്പോഴുള്ള റെയിൽവെ ലൈനുമായി സിൽവർ ലൈനിനെ ബന്ധിപ്പിക്കണമെന്നും റെയിൽവെ ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശങ്ങളും കെ റെയിൽ പൂർണമായി തള്ളി.

ഏതെങ്കിലും തരത്തിൽ സിൽവർ ലൈനിൻ്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ മാറ്റം സാധ്യമല്ലെന്നാണ് കെ റെയിൽ പിന്നീട് റെയിൽവെ മന്ത്രാലയത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നത്. റെയിൽവെ ഭൂമിയാണ് പ്രശ്നമെങ്കിൽ വേറെ ഭൂമി കണ്ടെത്താമെന്നും ആവശ്യമെങ്കിൽ ഡിപിആ‍റിലും മാറ്റം വരുത്താമെന്നുമാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. വേഗം, ഗേജ് എന്നിവ സംബന്ധിച്ചും സിൽവർ ലൈനിൻ്റെ അടിസ്ഥാന ലക്ഷ്യം സംബന്ധിച്ചും യാതൊരു മാറ്റവും സാധ്യമല്ലെന്നും കെ റെയിൽ യോഗത്തിൽ എടുത്ത നിലപാടും റെയിൽവെ മന്ത്രാലയത്തെ അറിയിച്ചു.