KeralaTop News

പാതിവില തട്ടിപ്പില്‍ കേസെടുത്ത് ഇ ഡി; നടപടി പ്രധാനമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്‌തെന്ന ഐബി റിപ്പോര്‍ട്ടിന് പിന്നാലെ

Spread the love

പാതിവില തട്ടിപ്പ് കേസില്‍ കേസെടുത്ത് ഇഡി. ഇഡി കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്‌തെന്ന ഐബി റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. കൂടുതല്‍ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെ കാക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചാണ് ഇഡി നീക്കം.

കേരളമാകെ നടന്ന കോടികളുടെ പാതി വില തട്ടിപ്പില്‍ സുപ്രധാന നീക്കമാണ് ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. തട്ടിപ്പിന് പ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്‌തെന്ന ഐബി റിപ്പോര്‍ട്ടിന് പിന്നാലെ ഇഡി കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന പോലീസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം കേസ് ഏറ്റെടുക്കാന്‍ ആയിരുന്നു നേരത്തെയുള്ള തീരുമാനം.
തട്ടിപ്പിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നും അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയോ എന്നും ഇഡി പരിശോധിക്കും.

നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിട്ടുണ്ട്. ഇവരില്‍ നിന്നും ഇ ഡി അന്വേഷണസംഘം വിവരങ്ങള്‍ തേടും. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ കേസിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ആരോപണ വിധേയരായ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ ഇഡി ചോദ്യം ചെയ്യുമോ എന്നതും കേസില്‍ പ്രധാനമാണ്.