technologyTop News

പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളിൽ നിന്നെടുത്ത അതിശയിപ്പിക്കുന്ന സെൽഫിയുമായി സുനിത വില്യംസ്

Spread the love

ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡാണ് സുനിത സ്വന്തമാക്കിയിരിക്കുന്നത്. തന്റെ ഒമ്പതാമത്തെ ബഹിരാകാശ നടത്തത്തിനിടെ പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളിൽ വെച്ച് സുനിത വില്യംസ് എടുത്ത സെൽഫി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.’ദി അൾട്ടിമേറ്റ് സെൽഫി’ എന്ന കുറിപ്പോടെ നാസയാണ് ചിത്രം പങ്കിട്ടത്

സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ചേർന്നാണ് ബഹിരാകാശ നിലയത്തിന് പുറത്ത് സ്പേസ് വാക്ക് നടത്തിയത്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായും ബഹിരാകാശത്ത് സൂക്ഷ്മജീവികൾ എങ്ങനെ ജീവിക്കുന്നുവെന്ന് പഠനം നടത്താനുമായിരുന്നു ഇവരുടെ യാത്ര. ഈ യാത്രയിൽ സുനിത വില്യംസ് 62 മണിക്കൂറും 6 മിനിറ്റും ബഹിരാകാശത്ത് നടന്നു. സ്റ്റാർലൈനറിൽ ബഹിരാകാശ നിലയത്തിലെത്തി 7 മാസങ്ങൾക്ക് ശേഷമുള്ള സുനിത വില്യംസിന്‍റെ രണ്ടാമത്തെ ബഹിരാകാശ നടത്തമായിരുന്നു. മുൻപ് ജനുവരി 16നാണ് അറ്റകുറ്റപ്പണികൾക്കായി സുനിത വില്യംസും നിക്ക്ഹേഗും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്.

ഇതോടെ ഏറ്റവും കൂടുതൽ ബഹിരാകാശ നടത്തം നടത്തിയ വനിത എന്ന റെക്കോർഡ് സുനിത വില്യംസിന് സ്വന്തമായി. മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത് പെഗ്ഗി വിറ്റ്സൺ ആയിരുന്നു. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമായിരുന്നു പെഗ്ഗി വിറ്റ്സണിന്റെ റെക്കോർഡ്.

ജൂൺ അഞ്ചിന് ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം വഴി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയതാണ് സുനിത വില്യംസും ബുച്ച് വിൽമോറും. പേടകത്തിന് തകരാറ് സംഭവിച്ചതിനെ തുടർന്ന് ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ് ഇവർ. 10 ദിവസത്തിനുള്ളിൽ ഇരുവരും ഭൂമിയിലേക്ക് മടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ ഹീലിയം ചോർച്ച കാരണം ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങുകയാണ്. എത്രയും പെട്ടെന്ന് ഇവരെ തിരിച്ചെത്തിക്കാൻ അമേരിക്കൻ പ്രസിഡന്റ് ടോണാൾഡ് ട്രംപ് ഇലോൺ മസ്കിന്റെ സഹായം തേടിയിട്ടുണ്ട്.