യുപി രാഷ്ട്രീയത്തിൻ്റെ ഗതി തിരിച്ച് മിൽക്കിപൂർ ഫലം; യോഗിക്ക് വീണ്ടും നായക പരിവേഷം; ഇന്ത്യ മുന്നണിക്ക് നിരാശ
ഉത്തർപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ തൻ്റെ ശക്തി വർധിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ബിജെപിയുടെ ഒന്നാം നമ്പർ നേതാവ് താൻ തന്നെയാണ് ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ ഇതിലൂടെ അദ്ദേഹത്തിനായി.
കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടിയേറ്റ മിൽകിപൂർ (ഫൈസാബാദ്) മണ്ഡലത്തിൽ മിന്നുന്ന വിജയം നേടാനായതാണ് അദ്ദേഹത്തിന് നേട്ടമായത്. മണ്ഡലത്തിൽ പിന്നോക്ക – ദളിത് വിഭാഗങ്ങളുടെ പിന്തുണ വീണ്ടും ബിജെപിക്ക് അനുകൂലമായി മാറിയത് വിജയത്തിൽ നിർണായകമായി.
സംസ്ഥാനത്തെ ക്രമസമാധാനവും സാമൂഹ്യക്ഷേമവും അടക്കം ഭരണ നേട്ടങ്ങളിൽ ശ്രദ്ധ പതിപ്പിച്ചാണ് ബിജെപി പ്രചാരണത്തിന് ഇറങ്ങിയത്. പ്രതിപക്ഷത്ത് സമാജ്വാദി പാർട്ടിയും കോൺഗ്രസും ബിജെപി വിരുദ്ധ വോട്ടുകൾ ലക്ഷ്യമിട്ട് പ്രചാരണം നടത്തി. മിൽകിപൂറിലെ വിജയത്തോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി താത്കാലികമെന്ന് സ്ഥാപിക്കാനും ബിജെപിക്കാവും. ജാതി സെൻസസിലും ഭരണഘടനാ സംരക്ഷണത്തിലും ഊന്നി 2024 തെരഞ്ഞെടുപ്പിനെ നേരിട്ട ഇന്ത്യ സഖ്യത്തിനായിരുന്നു മണ്ഡലത്തിൽ ദളിത് പിന്നോക്ക വിഭാഗങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇപ്പോഴത്തെ ഫലം ജനതാത്പര്യം ഇതിന് വിരുദ്ധമാണെന്ന് കൂടി തെളിയിരുന്നുണ്ട്.
യാദവ് ഇതര ഒബിസി വിഭാഗങ്ങളും ദളിതരുമാണ് മിൽകിപൂറിലെ ഭൂരിപക്ഷം വോട്ടർമാർ. ഇവരാകെ ഇപ്പോൾ ബിജെപിയിലേക്ക് തന്നെ തിരികെയെത്തിയെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 2017 ൽ അധികാരത്തിലെത്തിയ ശേഷം ഇലക്ടറൽ സ്ട്രാറ്റജിയിൽ യോഗി ആദിത്യനാഥ് ഭരണത്തിൽ ഹിന്ദുത്വ-ജാതീയ വിഷയങ്ങളിലൂന്നി നടപ്പാക്കിയ നയങ്ങളിലൂടെ ബിജെപിയിലെ ഒന്നാമനായിരുന്നു. ക്രമസമാധാനം ഉറപ്പാക്കാനായത് അദ്ദേഹത്തിന് ഹീറോ പരിവേഷം നൽകി. സൗജന്യ റേഷൻ, വൈദ്യുതി, വീട് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ ഒബിസി-ദളിത് വിഭാഗങ്ങൾക്ക് സഹായമെത്തിച്ചു.
പിന്നീട് അയോധ്യ ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠ പൂർത്തിയായതും ഭരണകൂടം മുന്നോട്ട് വെച്ച ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഭാഗമായാണ്. എന്നാൽ 2024 ലെ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമുണ്ടാക്കിയ എസ്പിയും കോൺഗ്രസും നയിക്കുന്ന ഇന്ത്യ സഖ്യം മുസ്ലിം-യാദവ വോട്ടിൻ്റെ കേന്ദ്രീകരണത്തിലും ഒബിസി-ദളിത് വോട്ടുകൾ ഉറപ്പിക്കാനുമാണ് ശ്രമിച്ചത്. എന്നാൽ വിശാലമായ സാമൂഹ്യ സഖ്യത്തിലൂന്നി നിന്ന് വിജയം നേടാനാകാതിരുന്നത് അവരുടെ ജനപിന്തുണ ഇടിച്ചു.
സംസ്ഥാനത്ത് 2027 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയാണ് യോഗി ആദിത്യനാഥിനുള്ള ജനപിന്തുണ വ്യക്തമാക്കുന്നത്. എങ്കിലും പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് വീണ്ടും വർധിത വീര്യത്തോടെ പ്രതിപക്ഷം ശക്തരായി വിശാല സഖ്യത്തിന് ശ്രമിച്ചേക്കും. എങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ യോഗി ആദിത്യനാഥ് എന്നത് ഒരു ബ്രാൻ്റായി മാറിക്കഴിഞ്ഞിട്ടുണ്ട്.