പാതിവില തട്ടിപ്പ് കേസ്; ‘പുറത്തിറങ്ങിയാൽ ജീവൻ നഷ്ടപ്പെടും’; മൊഴി വിവരങ്ങൾ പുറത്തുവന്നതിൽ പ്രതി അസ്വസ്ഥൻ
പാതിവില തട്ടിപ്പ് കേസിലെ മൊഴി വിവരങ്ങൾ പുറത്തുവന്നതോടെ അസ്വസ്ഥനായി തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണൻ. പോലീസ് സ്റ്റേഷനിൽ ഇരുന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്ന കാര്യം പ്രതി അറിയുന്നത്. ഇതോടെ ചില രാഷ്ട്രീയ നേതാക്കൾക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ മാറ്റണമെന്ന് പ്രതി പോലീസിനോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയാൽ തൻ്റെ ജീവൻ നഷ്ടപ്പെടും എന്ന് പ്രതി പോലീസിനോട് പറഞ്ഞു.
എല്ലാം കോടതിയിൽ പറയുമെന്നും മൊഴി തിരുത്താമോയെന്നും പ്രതി പോലീസിനോട് ചോദിച്ചു. ഇന്നലെ കോടതിയിൽ ഹാജരാക്കും മുൻപായിരുന്നു പ്രതിയുടെ സഹായം ചോദിക്കൽ. പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയക്കാർ ഉൾപ്പടെ പ്രമുഖർ ഉൾപ്പെട്ട കേസായതിനാൽ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കവെ അനന്തുകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും. നൂറിലധികം ഉദ്യോഗസ്ഥരുള്ള അന്വേഷണ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലായി രജിസ്റ്റർ ചെയ്ത 34 കേസുകളായിരിക്കും ആദ്യഘട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുക.