ഗസ്സ അമേരിക്ക പിടിച്ചെടുത്താൽ പലസ്തീൻകാർക്ക് അവകാശമുണ്ടാകില്ല; ലക്ഷ്യം റിയൽ എസ്റ്റേറ്റ് പദ്ധതി’; ഡോണൾഡ് ട്രംപ്
ഗസ്സ പിടിച്ചെടുക്കുമെന്ന നിലപാടിൽ ഉറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാവിയിലേക്കുവേണ്ടിയുള്ള റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ട്രംപ്. വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറുമെന്നും ഭീഷണി. ഗസ്സയിൽ അസാധാരണ നീക്കങ്ങൾക്ക് മുതിരുകയാണ് എന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
ഗസ്സ അമേരിക്ക പിടിച്ചെടുത്താൽ പലസ്തീൻകാർക്ക് അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ചില പലസ്തീൻ പൗരൻമാർക്ക് അമേരിക്ക അഭയം നൽകും. നീണ്ടകാലത്തേക്കുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഭാവിയിലേക്ക് വേണ്ടിയുള്ള ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് താൻ മുന്നോട്ടുവയ്ക്കുന്നതെന്ന് പറഞ്ഞ ട്രംപ്, മനോരഹരമായ കമ്മ്യൂണിറ്റികൾ ഗസ്സയിൽ നിർമ്മിക്കുമെന്നും അവകാശപ്പെട്ടു. അമേരിക്ക പിടിച്ചെടുക്കുന്ന ഗസ്സയിൽ ഹമാസിന് സ്ഥാനമുണ്ടാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറുമെന്ന ഭീഷണിയും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി. ഹമാസ് ബന്ദികളാക്കിയ എല്ലാവരേയും ശനിയാഴ്ച ഉച്ചയ്ക്ക് മുൻപ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ പിൻവലിക്കണമെന്ന് ട്രംപ് പറഞ്ഞു. വെടിനിർത്തൽ കരാറിൽ ഇസ്രയേൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ഹമാസ് ബന്ദികൈമാറ്റം നിർത്തിവച്ചിരുന്നു. ഗസ്സയിൽ നിന്ന് പിൻമാറുന്ന നടപടി നിർത്തിവയ്ക്കുകയാണെന്ന് ഇസ്രയേൽ സൈന്യവും അറിയിച്ചിരുന്നു.